നാട്ടുവാര്‍ത്തകള്‍

യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; കൊടുംക്രൂരതയ്ക്ക് ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം


കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം ശിക്ഷ. ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍ തുഷാരയെ (28) കൊന്ന കേസിലാണ് ഒന്നാംപ്രതിയും തുഷാരയുടെ ഭര്‍ത്താവുമായ പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), രണ്ടാം പ്രതി ചന്തുലാലിന്റെ അമ്മ ഗീത (61) എന്നിവരെയാണ് കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജി എസ്. സുഭാഷ് ശിക്ഷിച്ചത്. പ്രതികള്‍ ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം.

2019 മാര്‍ച്ച് 21-ന് രാത്രിയില്‍ മരണമടഞ്ഞതായി കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ചന്തുലാലും മാതാവ് ഗീതയും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊലപാതകം, സ്ത്രീധന പീഡനം, അന്യായമായി തടങ്കലില്‍ വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്. കോടതിയില്‍ 23 സാക്ഷികളെ വിസ്തരിച്ചു. 35 രേഖകള്‍ ഹാജരാക്കി. സാക്ഷിമൊഴികളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കേസില്‍ നിര്‍ണായകമായെന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്. മാനസീക ശാരീരിക പീഡനങ്ങള്‍ക്ക് പുറമേ പട്ടിണിക്കിട്ടും മറ്റുമാണ് തുഷാരയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. 27-ാം വയസില്‍ ശരീരഭാരം വെറും 21 കിലോഗ്രാമായിരുന്നു. വയര്‍ ഒട്ടി വാരിയെല്ല് തെളിഞ്ഞ നിലയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. തുഷാരയുടെ അമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം പോലും ഉണ്ടായിരുന്നില്ല. പഞ്ചസാര വെള്ളവും കുതിര്‍ത്ത അരിയും മാത്രമാണ് തുഷാരയ്ക്ക് നല്‍കിയിരുന്നതെന്നും മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. വീടിന് പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല. സ്വന്തം മാതാപിതാക്കളെ കാണാന്‍ അനുവദിച്ചില്ല, സ്വന്തം കുഞ്ഞുങ്ങളെ ലാളിക്കാന്‍ അനുവദിച്ചില്ല, കഴിക്കാന്‍ ഭക്ഷണം പോലും നല്‍കിയില്ല.

തുഷാരയെ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. രോഗിയായ തുഷാര ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് ചന്തുലാല്‍ പൊലീസിനോട് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ പൊലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ തുഷാരയ്ക്ക് ക്രൂരപീഡനമായിരുന്നു ഭര്‍ത്താവിന്റെയും ഭര്‍തൃകുടുംബത്തിന്റെയും ഭാഗത്തുനിന്ന് നേരിടേണ്ടി വന്നത്. സ്വന്തം അച്ഛനെയും അമ്മയെയും കാണാന്‍ പോലും അവള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വീട്ടുകാരുമായുള്ള ബന്ധം പൂര്‍ണമായി നിരസിക്കപ്പെട്ടു.

2013ലായിരുന്നു കരുനാഗപ്പിള്ളി സ്വദേശി തുഷാരയുടെയും പൂയപ്പള്ളി ചാരുവിള വീട്ടില്‍ ചന്തുലാലിന്റെയും വിവാഹം. തൊട്ടുപിന്നാലെ മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര പീഡനവും തുടങ്ങിയിരുന്നു. സ്വന്തം മാതാപിതാക്കളെ കാണാന്‍ പോലും തുഷാരയെ ഭര്‍ത്താവിന്റെ കുടുംബം അനുവദിച്ചില്ല. രണ്ട് പെണ്‍കുട്ടികളാണ് തുഷാരയ്ക്കുണ്ടായിരുന്നത്. തുഷാരയുടെ വീട്ടുകാര്‍ക്കും കുട്ടികളെ കാണാന്‍ അനുവാദമുണ്ടായിരുന്നില്ല. തുഷാരയുടെ മകളെ നഴ്സറിയില്‍ ചേര്‍ത്തപ്പോള്‍ അധ്യാപിക അമ്മയെ അഭാവത്തെ കുറിച്ച് അന്വേഷിച്ചു.
കുട്ടിയുടെ അമ്മ കിടപ്പുരോഗിയാണെന്നായിരുന്നു പ്രതികള്‍ നല്‍കിയ മറുപടി. ചന്തുലാലിന്റെ അമ്മ ഗീതയുടെ പേരാണ് അമ്മയുടെ പേരായി നഴ്സറിയില്‍ ചേര്‍ത്തപ്പോള്‍ കുട്ടികളുടെ രേഖകളില്‍ നല്‍കിയിരുന്നത്. വിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും സഹോദരനും ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ കണ്ടത് എല്ലും തോലുമായ തുഷാരയെയാണ്. ശാസ്ത്രീയ തെളിവുകളും തുഷാരയുടെ മൂന്നരവയസുള്ള മകളുടെയും നാട്ടുകാരുടേയും അധ്യാപികയുടെയും ഉള്‍പ്പടെ മൊഴികള്‍ കേസില്‍ നിര്‍ണ്ണായകമായി മാറുകയും ചെയ്തു.

ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ ഒന്നര വര്‍ഷം മുമ്പ് ഇത്തിക്കര ആറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതോടെ കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ജഡ്ജി എസ് സുഭാഷാണ് ഇരുവരും കുറ്റക്കാരെന്ന് വിധിച്ചത്. ഇന്ത്യയില്‍ തന്നെ ഇത്തരം കേസ് ആദ്യ സംഭവമായിരിക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്.

  • പൂരം ഒരുക്കത്തിനിടെ വെടിക്കെട്ട് ദുരന്തം; 14 മരണം
  • യുകെയില്‍ വില്‍പ്പനയ്ക്ക് വെച്ച വീടുകളുടെ എണ്ണം 11 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
  • വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ; അമിത ബ്രേക്ക് ഉപയോഗം അപകടത്തിലേക്ക് നയിച്ചു
  • തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്ഫോടനം; മരണം 24 ആയി
  • വാല്‍പ്പാറ ദുരന്തം: അധ്യാപകര്‍ക്ക് കണ്ണീരോടെ വിട; സ്കൂളില്‍ പൊതുദര്‍ശനം
  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions