നാട്ടുവാര്‍ത്തകള്‍

കുവൈറ്റില്‍ കുത്തേറ്റു മരിച്ച നിലയില്‍ മലയാളി നഴ്സ് ദമ്പതികള്‍; സംഭവം ഓസ്‌ട്രേലിയയിലേക്ക് കൂടിയേറാനിരിക്കെ

കുവൈത്തില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂര്‍ സ്വദേശി സൂരജ്, ഡിഫന്‍സില്‍ നഴ്‌സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റില്‍ മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു.

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം, അയല്‍ക്കാര്‍ സംശയത്തെത്തുടര്‍ന്ന് ഫ്ലാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമിലേക്ക് വിവരം ലഭിച്ചു. തുടര്‍ന്നാണ് ഫര്‍വാനിയ പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയത്. പൊലീസ് അബ്ബാസിയയിലെ ഫ്‌ളാറ്റില്‍ പോയി ഡോറില്‍ മുട്ടിയപ്പോള്‍ ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി വാങ്ങി ഡോര്‍ തകര്‍ത്ത് അപ്പാര്‍ട്ട്മെന്റില്‍ പ്രവേശിച്ചപ്പോഴാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ആദ്യത്തേത് കഴുത്തറത്ത നിലയില്‍ കണ്ടെത്തിയ ബിന്‍സിയുടേതാണ്, അവരുടെ രക്തം ഹാളില്‍ നിറഞ്ഞിരുന്നു. തിരച്ചിലിനു ശേഷം, സൂരജിന്റെ മൃതദേഹവും കണ്ടെത്തിയെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനമെന്നും പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാത്രിയില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കിടുന്നതിന്റെയും, സ്ത്രീ നിലവിളിക്കുന്നതിന്റെയും ശബ്ദം കേട്ടതായി അയല്‍ക്കാര്‍ മൊഴി നല്‍കി. എന്നാല്‍ വാതില്‍ അടച്ചിരുന്നതിനാല്‍ അവര്‍ക്ക് ഇടപെടാന്‍ സാധിച്ചില്ലെന്നും പൊലീസിനോട് അവര്‍ വിശദീകരിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ രണ്ട് മൃതദേഹങ്ങളും പരിശോധിച്ച ശേഷം, അപകടസ്ഥലത്ത് വിരലടയാളം എടുക്കാനും രണ്ട് മൃതദേഹങ്ങളും ഫോറന്‍സിക് മെഡിസിന്‍ വകുപ്പിലേക്ക് മാറ്റാനും ഉത്തരവിടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ടുപേരും മക്കളായ ഈവ്ലിന്‍ , എയ്ഡന്‍ എന്നിവരെ നാട്ടിലാക്കി ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ശേഷം തിരിച്ച് കുവൈറ്റിലെത്തിയത്.


ഓസ്‌ട്രേലിയയിലേയ്ക്ക് ജോലിക്കായി പോകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇവര്‍ മക്കളെ നാട്ടിലയച്ചത്. സൂരജിന്റെയും ബിന്‍സിയുടെയും പരിചയക്കാരായ ഒട്ടേറെ പേര്‍ യുകെയില്‍ നഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുവരുടെയും ദാരുണാന്ത്യം യുകെയിലെ മലയാളി സമൂഹത്തിനു വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions