യുകെയില്‍ സ്ത്രീകള്‍ പൊതുവായി ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഷാംപുകളും ഫേസ് ക്രീമുകളും പോലുള്ള ഉത്പന്നങ്ങളില്‍ എന്‍ഡോക്രൈന്‍ ഡിസ്റപ്റ്റിംഗ് കെമിക്കല്‍സ് (EDCs) ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ രാസവസ്തുക്കള്‍ മനുഷ്യ ഹോര്‍മോണ്‍ സിസ്റ്റത്തെ തടസ്സപ്പെടുത്തുകയും സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഒരു ദിവസം നിരവധി സൗന്ദര്യവര്‍ദ്ധക വസ്തുക്കളോ ശുചിത്വ ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കുന്ന സ്ത്രീകള്‍ അറിയാതെ തന്നെ ശക്തമായ ഒരു 'കെമിക്കല്‍ കോക്ടെയ്ല്‍' സൃഷ്ടിക്കുന്നുവെന്ന് ചാരിറ്റി മുന്നറിയിപ്പ് നല്‍കി. ബ്രിട്ടനിലെ ഒരു വനിത അവരുടെ ദൈനംദിന സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി 150 - ലധികം ദോഷകരമായ രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട് എന്നാണ് ബ്രസ്റ്റ് കാന്‍സര്‍ യുകെ വെളിപ്പെടുത്തിയത്. 2050 ആകുമ്പോഴേക്കും യുകെയില്‍ സ്തനാര്‍ബുദ മരണങ്ങള്‍ 40 ശതമാനത്തിലധികം വര്‍ദ്ധിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത് . ഈ സാഹചര്യത്തില്‍ ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ദൈനംദിന ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ ചാരിറ്റി ആഹ്വാനം ചെയ്യുന്നു.
ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത്തരം വസ്തുക്കള്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ വ്യാപ്തി വളരെ വലുതാണെന്ന് ബ്രസ്റ്റ് കാന്‍സര്‍ യുകെയുടെ ഗവേഷണ ഡയറക്ടര്‍ ഡോ. ഹന്ന മൂഡി പറഞ്ഞു. യുകെയിലെ ഏറ്റവും സാധാരണമായ കാന്‍സറാണ് സ്തനാര്‍ബുദം. പ്രതിവര്‍ഷം ഏകദേശം 56,000 കേസുകള്‍ ആണ് ഈ വിഭാഗത്തില്‍ കണ്ടെത്തുന്നത് . അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ ഉത്പന്നങ്ങളുടെ ഒരു പട്ടിക തന്നെ ചാരിറ്റി പുറത്തിറക്കിയിട്ടുണ്ട്. മേക്കപ്പിലും നെയില്‍ വാര്‍ണിഷ്ലും ആണ് ഏറ്റവും കൂടുതല്‍ EDC-കള്‍ അടങ്ങിയിട്ടുള്ളത്. ഇത് സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനെ അനുകരിക്കുകയും ശരീരത്തിലെ ഹോര്‍മോണുകളുടെ സാധാരണ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
അപകടകരമായ പാരബെന്‍സ്, ഫ്താലേറ്റുകള്‍, സിന്തറ്റിക് പര്‍ഫംസ് എന്നീ മൂന്ന് രാസവസ്തുക്കളില്‍ രണ്ടെണ്ണമെങ്കിലും പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും അടങ്ങിയിട്ടുണ്ട് എന്നാണ് ബ്രസ്റ്റ് കാന്‍സര്‍ യുകെ കണ്ടെത്തിയിരിക്കുന്നത്. സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍, രാസവസ്തുക്കള്‍ ചര്‍മ്മത്തിലൂടെ ഒഴുകിയിറങ്ങാം. ഇത് ശരീരത്തിന്റെ ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റിറോണ്‍ പോലുള്ള പ്രകൃതിദത്ത ഹോര്‍മോണുകളുടെ സ്വാഭാവിക ഉത്പാദനത്തെയും പ്രതികരണത്തെയും തടസ്സപ്പെടുത്തുകയും സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതാണ് രോഗസാധ്യതയിലേയ്ക്ക് നയിക്കുന്നത്.