നാട്ടുവാര്‍ത്തകള്‍

അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ 3 വയസുകാരി പീഡനത്തിനിരയായി, അച്ഛന്റെ അടുത്ത ബന്ധു കസ്റ്റഡിയില്‍

എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ മൂന്ന് വയസുകാരി പീഡനത്തിനിരയായി എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. കുട്ടി പീഡനത്തിനിരയായി എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

കസ്റ്റഡിയിലെടുത്ത ബന്ധുവിനെ പൊലീസ് മണിക്കൂറുകളായി ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കുട്ടിയുടെ കൊലപാതകത്തില്‍ ചെങ്ങമനാട് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെടും മുന്‍പ് കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തലിന് പിന്നാലെയായിരുന്നു നടപടി.

പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട ചില പാടുകള്‍ പീഡനത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ഒടുവിലാണ് കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ പുത്തന്‍കുരിശ് പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പോക്സോ, ബാലനീതി വകുപ്പുകള്‍ ചുമത്തി പൊലീസ് ഇന്നലെ കേസെടുത്തിട്ടുണ്ട്. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റം ചുമത്തി അമ്മയ്ക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

കസ്റ്റഡിയിലെടുത്ത ബന്ധുവിന്‌റെ സ്റ്റേഷന്‍ പരിധി പുത്തന്‍കുരിശ് ആയതിനാല്‍ പോക്‌സോ കേസ് ചെങ്ങമനാട് പൊലീസ് പുത്തന്‍കുരിശ് പൊലീസിന് കൈമാറി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. അമ്മയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് അമ്മ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരസ്പര വിരുദ്ധങ്ങളായ മൊഴികളാണ് പൊലീസിന് നല്‍കുന്നത്.

മെയ് 19 തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു മൂന്നു വയസുകാരിയെ കാണാതായെന്ന വിവരം പുറത്ത് വരുന്നത്. ആലുവയില്‍ വെച്ചാണ് കുട്ടിയെ കാണാതായതെന്നായിരുന്നു കുട്ടിയുടെ അമ്മയുടെ ആദ്യമൊഴി. അംഗനവാടിയില്‍ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനിടയില്‍ ബസില്‍ വെച്ച് കുട്ടിയെ കാണാതാവുകയായിരുന്നു എന്നായിരുന്നു അമ്മയുടെ ആദ്യമൊഴി. ഇതിനിടയില്‍ കുട്ടിയുമായി അമ്മ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. പിന്നീടാണ് മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്നും കുട്ടിയെ താഴേയ്ക്ക് ഇട്ടതായി അമ്മ പൊലീസിന് മൊഴി നല്‍കുന്നത്.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions