സ്പിരിച്വല്‍

എട്ടാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 31 ശനിയാഴ്ച; വിപുലമായ ഒരുക്കങ്ങള്‍; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്കും

എയ്ല്‍സ്ഫോര്‍ഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നല്‍കിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്ല്‍സ്ഫോഡില്‍ മെയ് 31 ശനിയാഴ്ച നടത്തുന്ന എട്ടാമത് തീര്‍ത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍. കര്‍മ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ തീര്‍ത്ഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കും. രൂപതയുടെ ലണ്ടന്‍, കാന്റര്‍ബറി റീജിയനുകളും, എയ്ല്‍സ്ഫോര്‍ഡ് ഔര്‍ ലേഡി ഓഫ് മൌണ്ട് കാര്‍മല്‍ മിഷനുമാണ് തീര്‍ത്ഥാടനത്തിന്റെ ചുമതല വഹിക്കുന്നത്.

മെയ് 31 ശനിയാഴ്ച രാവിലെ 11 മണിക്ക് കൊടിയേറ്റ്, നേര്‍ച്ചകാഴ്ചകളുടെ സ്വീകരണം, തുടര്‍ന്ന് 11.15 ന് എയ്ല്‍സ്ഫോര്‍ഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കര്‍മ്മലമാതാവിന്റെ രൂപവും സംവഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ കൊന്തപ്രദിക്ഷണം നടക്കും.

12.15 ന് SMYM രൂപതാ മ്യൂസിക് ബാന്‍ഡിന്റെ നേതൃത്വത്തില്‍ ലൈവ് മ്യൂസിക്കല്‍ പെര്‍ഫോമന്‍സ്, ഉച്ചക്ക് 1.30 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ രൂപതയിലെ വൈദികരും ചേര്‍ന്ന് അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, തുടര്‍ന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണം എന്നിവ നടക്കും. എയ്ല്‍സ്ഫോഡില്‍ തീര്‍ത്ഥാടകരായി എത്തിച്ചേരുന്ന എല്ലവര്‍ക്കും സ്‌നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

തീര്‍ത്ഥാടനത്തോടനുബന്ധിച്ചു തിരുനാള്‍ പ്രസുദേന്തിയാകുന്നതിനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. തീര്‍ത്ഥാടകര്‍ക്കായി കാറുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിന് വിശാലമായ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും. വിമന്‍സ് ഫോറത്തിന്റെയും SMYM ന്റെയും നേതൃത്വത്തില്‍ മിതമായ നിരക്കില്‍ സ്‌നാക്ക്, ടീ, കോഫീ കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.

കര്‍മ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീര്‍ത്ഥാടനത്തിലേക്കും തിരുക്കര്‍മ്മങ്ങളിലേക്കും ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പില്‍ഗ്രിമേജ് കോ-ഓര്‍ഡിനേറ്റര്‍ ഫാ.ഷിനോജ് കളരിക്കല്‍ അറിയിച്ചു.

പ്രസുദേന്തി ആകുവാന്‍ താല്പര്യം ഉള്ളവര്‍ താഴെകാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

https://forms.gle/wJxzScXoNs6se7Wb6

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഷിനോജ് കളരിക്കല്‍ - 07920690343

Address of the Venue: The Friars, Aylesford, Kent, ME20 7BX

  • എയില്‍സ്‌ഫോര്‍ഡില്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളും പദയാത്രയും ഭക്തിസാന്ദ്രമായി
  • ലണ്ടനില്‍ രാമായണ മാസചരണം 25ന് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക മാസ പൂജ 18ന്
  • ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷനില്‍ തിരുനാള്‍ അഘോഷിച്ചു
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിള്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിന് ഒരുങ്ങുന്നു
  • 'ഭജനോത്സവം 2026' ഡര്‍ബിയില്‍
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മിഥുനമാസ പൂജ ശനിയാഴ്ച്ച; വിളക്ക് പൂജയടക്കം നിരവധി വഴിപാടുകള്‍
  • സീറോ-മലബാര്‍ വാത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 18 ന്; റവ.ഡോ. ആന്റണി ചുണ്ടലിക്കാട്ട് മരിയന്‍ സന്ദേശം നല്‍കും
  • വൈശാഖ മാസചരണം മേയ് 30 ശനിയാഴ്ച
  • ഒന്‍പതാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 23 ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions