യു.കെ.വാര്‍ത്തകള്‍

ഗാറ്റ്‌ വിക്ക് - ബാംഗ്ലൂര്‍ എയര്‍ ഇന്ത്യ വിമാനത്തിന് വൈകിയോട്ടത്തില്‍ ലോക റെക്കോര്‍ഡ്

സിവില്‍ ഏവിയേഷന്‍ അതോറിറ്റി നടത്തിയ ഒരു പുതിയ പഠനം പ്രകാരം വൈകിയോടുന്ന കാര്യത്തില്‍ ഗാറ്റ്‌വിക്ക് - ബാംഗ്ലൂര്‍ എയര്‍ ഇന്ത്യ വിമാനത്തിന് ലോക റെക്കോര്‍ഡ്. യുകെ വിമാനത്താവളങ്ങളില്‍ നിന്നും ഏറ്റവും വൈകി പുറപ്പെടുന്ന വിമാനങ്ങളുടെ പട്ടികയിലാണ് എയര്‍ ഇന്ത്യ ആദ്യ സ്ഥാനം നേടിയത്.

2024ല്‍ ഏതാണ്ട് 46 മിനിറ്റോളം വൈകിയാണ് വിമാനം പുറപ്പെട്ടത് എന്നാണ് കണക്കുകള്‍. 50 യാത്രകളുടെ കണക്കെടുത്താല്‍ ശരാശരി 80 മിനിറ്റോളമാണ് വിമാനം വൈകിയത്. ഇതാണ് യുകെയിലെ ഏറ്റവുമധികം വൈകുന്ന വിമാന റൂട്ടായി എയര്‍ ഇന്ത്യ ഇടംപിടിക്കുവാന്‍ കാരണമായത്. എയര്‍ ഇന്ത്യയുടെ ഈ സമീപനം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കണ്‍സ്യൂമര്‍ മാസികയായ 'വിച്ചി'ന്റെ ട്രാവല്‍ എഡിറ്റര്‍ റോറി ബോളണ്ട് വ്യക്തമാക്കി.

കണക്കുകള്‍ പ്രകാരം സമയനിഷ്ഠയില്‍ കൃത്യത പാലിക്കാത്ത രണ്ടാമത്തെ എയര്‍ലൈന്‍സ് ഗ്വെന്‍സി ആസ്ഥാനമായുള്ള ഓറിഗ്‌നി എയര്‍ലൈനാണ്. ശരാശരി അരമണിക്കൂറിലധികമാണ് വിമാനങ്ങള്‍ വൈകിയിരിക്കുന്നത്. തുര്‍ക്കിയില്‍ കുറഞ്ഞ നിരക്കില്‍ വിനോദ സഞ്ചാരത്തിന് അവസരമൊരുക്കുന്ന വിമാന കമ്പനിയായ സണ്‍ എക്സ്പ്രസ് 29 മിനിട്ടും, എയര്‍ പോര്‍ട്ടുഗല്‍ 25 മിനിട്ടുമാണ് വര്‍ഷത്തില്‍ ശരാശരി വൈകിയിരിക്കുന്നത്.

2024ല്‍ യുകെയില്‍ നിന്ന് പുറപ്പെട്ട വിമാനങ്ങളില്‍ ഐറിഷ് വിമാന കമ്പനിയായ എമറാള്‍ഡ് എയര്‍ലൈന്‍സാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. വര്‍ഷത്തില്‍ ശരാശരി 10 മിനിട്ട് മാത്രമായിരുന്നു ഈ വിമാനങ്ങള്‍ വൈകിയത്. 2024ല്‍ യുകെയില്‍ നിന്ന് 2,500ലധികം സര്‍വീസുകള്‍ നടത്തിയ വിമാനക്കമ്പനികളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം നടത്തിയത്. ഇതില്‍ റദ്ദാക്കിയ വിമാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കോടിക്കണക്കിന് പൗണ്ടിന്റെ നഷ്ടമുണ്ടായിരുന്ന എയര്‍ ഇന്ത്യയെ 2022 ജനുവരിയില്‍ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. എയര്‍ ഇന്ത്യ ബര്‍മിംഗ്ഹാം, ഗാറ്റ്‌ വിക്ക്, ഹീത്രൂ എന്നീ യുകെ വിമാനത്താവളങ്ങളില്‍ നിന്ന് ഡെല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്. ഏവിയേഷന്‍ അനലിറ്റിക്സ് കമ്പനിയായ സിറിയത്തിന്റെ ഡാറ്റ പ്രകാരം 2019നെ അപേക്ഷിച്ച് 2024ല്‍ എയര്‍ ഇന്ത്യ 56% കൂടുതല്‍ സര്‍വീസുകള്‍ നടത്തിയിട്ടുണ്ട്.

2024ല്‍ യുകെയിലേക്കുള്ള വിമാനങ്ങള്‍ക്ക് കാലതാമസമുണ്ടായിരുന്നു, എന്നാല്‍ ഇതില്‍ അധികവും തങ്ങളുടെ നിയന്ത്രണ പരിധിയിലുള്ള കാരണങ്ങള്‍ മൂലമായിരുന്നില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. യുകെയിലേക്കുള്ള റൂട്ടുകളില്‍ എ350, ബി 797-9 തുടങ്ങിയ വിമാനങ്ങള്‍ വിന്യസിച്ചിരുന്നു. ഇത് എയര്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട കൃത്യനിഷ്ഠ തിരികെ പിടിക്കാന്‍ സഹായിക്കുമെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു. 2025ലെ ആദ്യ മൂന്ന് മാസങ്ങളില്‍ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions