യുകെ വിസാ നിയന്ത്രണത്തില്‍ ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ പൊലിയുന്നു. വിസാ നിയന്ത്രണത്തില്‍ ഇതിനോടകം രാജ്യം വിട്ടത് 58,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും, ജോലിക്കാരും ആണ്. യുകെയില്‍ നിന്നും മടങ്ങിയ ഏറ്റവും വലിയ ജനവിഭാഗം ഇന്ത്യക്കാര്‍ ആണ്. രാജ്യത്തേക്ക് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ പഠിക്കാനും, ജോലിക്കുമായും എത്തുന്നത് ഭാവിയില്‍ സ്ഥിരതാമസം ഉറപ്പിക്കാമെന്ന സ്വപ്‌നം കണ്ടുതന്നെയാണ്. ഭൂരിഭാഗം പേരും ഈ സ്വപ്‌നം കാണുന്നു.
എന്നാല്‍ ബ്രിട്ടന്‍ നിയമപരമായുള്ള കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുമ്പോള്‍ ഇന്ത്യക്കാരെ സംബന്ധിച്ച് ഈ സ്വപ്‌നങ്ങള്‍ അസ്തമിക്കുന്ന ലക്ഷണമാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുകെ വിട്ടിറങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും, ജോലിക്കാരുടെയും എണ്ണം ഇതിന് സ്ഥിരീകരണം നല്‍കുന്നു.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പുറത്തുവന്നതോടെയാണ് 2024 വര്‍ഷത്തില്‍ യുകെയില്‍ നിന്നും മടങ്ങിയ ഏറ്റവും വലിയ ജനവിഭാഗങ്ങളില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ പ്രധാനമാണെന്ന് തിരിച്ചറിഞ്ഞത്. ഈ കാലയളവില്‍ യുകെയില്‍ വിദ്യാഭ്യാസത്തിനായി എത്തിയ 37,000 ഇന്ത്യക്കാരും, ജോലിക്കായി എത്തിയ 18,000 പേരും, മറ്റ് കാര്യങ്ങള്‍ക്കായി എത്തിയ 3000 പേരും ഇന്ത്യയിലേക്ക് മടങ്ങിയെന്നാണ് കണക്ക്.
ഇത് പ്രകാരം ഏകദേശം 58,000 ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം യുകെ ഉപേക്ഷിച്ച് മടങ്ങി. 45,000 പേര്‍ മടങ്ങിയ ചൈന രണ്ടാമതും, നൈജീരിയ മൂന്നാമതും (16,000), പാകിസ്ഥാനികള്‍ (12,000), അമേരിക്കക്കാര്‍ (8000) എന്നിവര്‍ ഇതിന് പിന്നിലും ഇടംപിടിച്ചു.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മടക്കമാണ് ഇയു ഇതര പൗരന്‍മാരുടെ തിരിച്ചുപോക്കിന് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024-ല്‍ നെറ്റ് മൈഗ്രേഷന്‍ 431,000 ആയി കുറഞ്ഞിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ പകുതിയാണ് ഇത്. ലേബര്‍ ഗവണ്‍മെന്റ് ഇത് തങ്ങളുടെ മേന്മയായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് സ്റ്റുഡന്റ് വിസകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇതിന് വഴിവെച്ചതെന്ന് ഏറെക്കുറെ വ്യക്തമാണ്. ടോറി നയങ്ങള്‍ പിന്തുടരാന്‍ ലേബര്‍ തീരുമാനിക്കുകയായിരുന്നു. റീഫോം യുകെയുടെ വരവോടെ ലേബറും കുടിയേറ്റ നിയന്ത്രണം കടുപ്പിക്കുന്ന നയവുമായി മുന്നോട്ടു പോവുകയാണ്.