യുകെയില്‍ വ്യാപക ഇമിഗ്രേഷന്‍ റെയ്ഡ്; നിയമവിരുദ്ധമായി 200 പേരെ കെയറര്‍മാരാക്കിയ സംഘത്തെ പിടികൂടി
ലണ്ടന്‍: യുകെയില്‍ പരക്കെ ഇമിഗ്രേഷന്‍ റെയ്ഡ്. ബോട്‌സ്വാനയില്‍ നിന്നും 200 പേരെ നിയമവിരുദ്ധമായി യുകെയിലെത്തിച്ചെന്ന് സംശയിക്കപ്പെടുന്ന സംഘത്തിലെ പ്രധാനിയെ ബോര്‍ഡര്‍ പോലീസ് അറസ്റ്റു ചെയ്തു. ചെല്‍റ്റ്‌നാമില്‍ നിന്നുമാണ് 37 വയസുകാരനായ ഒരാളെയാണ് ഇപ്പോള്‍ പിടികൂടിയത്.
മാഞ്ചസ്റ്ററിലും നോട്ടിംഗ്ഹാമിലും ഷെഫീല്‍ഡിലും ബ്രാഡ്‌ഫോര്‍ഡിലുമൊക്കെ അറസ്റ്റുകള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാജ വിവരങ്ങള്‍ നല്‍കി അഭയാര്‍ത്ഥി ആനുകൂല്യങ്ങള്‍ നേടാന്‍ ശ്രമിക്കുകയും കൃത്യമായ പരിശീലനങ്ങള്‍ നേടാതെ കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുകയും ചെയ്തവരെ പിടികൂടിയതിനു പിന്നാലെയാണ് അവരെ സഹായിച്ച സംഘത്തിലെ പ്രധാനിയേയും അറസ്റ്റു ചെയ്തത്.
33നും 50നും ഇടയില്‍ പ്രായമുള്ള മൂന്നു പുരുഷന്മാരെയും ഒരു സ്ത്രീയേയുമാണ് മാഞ്ചസ്റ്റര്‍, നോട്ടിംഗ്ഹാം, ഷെഫീല്‍ഡ്, ബ്രാഡ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും ബോര്‍ഡര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇപ്പോള്‍ ചെല്‍റ്റ്‌നാമില്‍ നിന്നും പിടികൂടപ്പെട്ടയാളാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നാണ് വ്യക്തമാകുന്നത്.
അനധികൃത കുടിയേറ്റം സര്‍ക്കാരിന്റെ ഏറ്റവും മുന്‍ഗണനയുള്ള അന്വേഷണങ്ങളില്‍ ഒന്നാണെന്ന് ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റിന്റെ ക്രിമിനല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ഫിലിപ്പ് പാര്‍ പറഞ്ഞു. 'മനുഷ്യ ദുരിതത്തില്‍ നിന്ന് ലാഭം കൊയ്യുന്നവര്‍ക്ക് സ്ഥാനമില്ലെന്നും' നൂറുകണക്കിന് ആളുകളെ കൂടുതല്‍ ചൂഷണത്തില്‍ നിന്ന് ഈ പ്രവര്‍ത്തനം സംരക്ഷിച്ചുവെന്നും മിസ്റ്റര്‍ പാര്‍ പറഞ്ഞു.
മനുഷ്യക്കടത്ത് സംഘങ്ങളെ നേരിടാനും ചെറിയ ബോട്ട് ക്രോസിംഗുകള്‍ തടയാനുമുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമങ്ങളുടെ ഭാഗമാണ് വ്യാപക റെയ്ഡുകള്‍.