കേരളത്തില്‍ സ്വര്‍ണവിലയുടെ റെക്കോര്‍ഡ് മുന്നേറ്റം. രാജ്യാന്തര സ്വര്‍ണവിലയുടെ കുതിച്ചുകയറ്റമാണ് കേരളത്തിലെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. സ്വര്‍ണ വില ഗ്രാമിന് 195 രൂപയും, പവന് 1560 രൂപയും വര്‍ദ്ധിച്ചു. സ്വര്‍ണവില ഗ്രാമിന് 9295 രൂപയും പവന് 74,360 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3430 ഡോളറും, രൂപയുടെ ഡോളര്‍ വിനിമയ നിരക്ക് 86.14 ആണ്.
ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില വര്‍ധനവിന് കാരണമായിട്ടുണ്ട്. ഇസ്രയേല്‍,ഇറാനെ ആക്രമിച്ചതാണ് വിലവര്‍ദ്ധനവിന്റെ പ്രധാന കാരണമായി കരുതുന്നത്. രാജ്യാന്തര വില മുന്നേറ്റം തുടര്‍ന്നാല്‍ കേരളത്തില്‍ ഇന്നുതന്നെ സ്വര്‍ണവില റെക്കോര്‍ഡ പുതുക്കാനും സാധ്യതയേറെയാണ്. കഴിഞ്ഞ ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയും എന്ന റെക്കോര്‍ഡ് തിരുത്തിയാണ് സ്വര്‍ണ വിലയുടെ കുതിപ്പ്.
കഴിഞ്ഞവര്‍ഷം ജൂണ്‍ 13ന് കേരളത്തില്‍ പവന് 52,920 രൂപയേ വിലയുണ്ടായിരുന്നു, ഗ്രാമിന് 6,615 രൂപയും. ഒറ്റവര്‍ഷംകൊണ്ട് സ്വര്‍ണവിലയില്‍ കൂടിയത് പവന് 21,440 രൂപ. ഗ്രാമിന് 2,680 രൂപയുമാണ്. ആഭരണ പ്രേമികളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട് സ്വര്‍ണവിലയിലെ മാറ്റം. കഴിഞ്ഞമാസം മേയ് 15ന് പവന്‍വില 68,880 രൂപയിലേക്കും ഗ്രാം വില 8,610 രൂപയിലേക്കും ഇടിഞ്ഞിരുന്നു. തുടര്‍ന്ന്, ഇതുവരെ കൂടിയത് പവന് 5,480 രൂപയും ഗ്രാമിന് 685 രൂപയുമാണ്. ഈ മാസം ഇതുവരെ മാത്രം ഗ്രാമിന് 375 രൂപയും പവന് 3,000 രൂപയും ഉയര്‍ന്നിട്ടുണ്ട്.
ഒരു പവന്‍ സ്വര്‍ണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 80000 രൂപയ്ക്ക് മുകളില്‍ നല്‍കണം.
യുദ്ധ സാഹചര്യം ക്രൂഡ് ഓയില്‍ വിലയിലും കുതിപ്പിനിടയാക്കി.