പോസ്റ്റ് സ്റ്റഡി, ആശ്രിത വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും സ്റ്റുഡന്റ് വിസക്കാരുടെ എണ്ണം ഈ വര്‍ഷം കൂടി!
പോസ്റ്റ് സ്റ്റഡി വിസ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും ആശ്രിത വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും യുകെയിലെത്തുന്ന സ്റ്റുഡന്റ് വിസക്കാരുടെ എണ്ണം 2025 ല്‍ കൂടി! 2025 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ യുകെയിലേക്കുള്ള പഠന വിസയ്ക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പ്രതീക്ഷിക്കാത്ത വര്‍ധന രേഖപ്പെടുത്തിയതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നു. സര്‍ക്കാര്‍ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് നിയമങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ പഠന വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്. യുകെ ഹോം ഓഫീസ് ആണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
2025 ജനുവരി മുതല്‍ മെയ് വരെ 76,400 വിദ്യാര്‍ത്ഥികള്‍ ആണ് യുകെ പഠന വിസയ്ക്ക് അപേക്ഷിച്ചത് . 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 29% വര്‍ധനവ് ആണ് ഇത്. മെയ് മാസത്തില്‍ മാത്രം 18,500 പഠന വിസ അപേക്ഷകള്‍ ഉണ്ടായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 19% കൂടുതല്‍ ആണ്. സ്റ്റുഡന്റ് വിസയില്‍ എത്തിയവരുടെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ കാലയളവ് 2 വര്‍ഷത്തില്‍ നിന്ന് 18 മാസമായി വെട്ടി കുറച്ചിരുന്നു നയമാറ്റം നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ സ്ഥിതിവിവര കണക്കുകളാണ് ഹോം ഓഫീസ് പുറത്തു വിട്ടിരിക്കുന്നത്.
സ്റ്റുഡന്റ് വിസയിലെ നയമാറ്റം പുതിയതായി അപേക്ഷിക്കുന്നവരെ കാര്യമായി സ്വാധീനിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഡിപെന്‍ഡന്‍ഡ് വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന കാര്യത്തിലും പിന്നീട് ജോലി കിട്ടി പിആര്‍ ലഭിക്കുന്നതിനും ഒട്ടേറെ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ വരുത്തിയിരുന്നു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതവും കൂടുതല്‍ സ്ഥിരതയുള്ളതുമായ രാജ്യമായി യുകെയെ കരുതുന്നതായി ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ സ്റ്റഡി ഗ്രൂപ്പിലെ വിദേശകാര്യ ഡയറക്ടര്‍ റൂത്ത് ആര്‍നോള്‍ഡ് പറഞ്ഞു.
എന്നാല്‍ ഏജന്‍സികള്‍ ഇപ്പോഴും യുകെയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനം നല്‍കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എങ്കിലും പഠനത്തിനായി എത്തുന്ന മലയാളി വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ ഇടിവ് ഉണ്ടായിട്ടുണ്ടെന്നാണ് മനസിലാകുന്നത്.