ലിവര്‍പൂള്‍: യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (ലിമ) തിളക്കമാര്‍ന്ന വിജയം നേടി ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി. ആവേശകരമായ പ്രകടനങ്ങളിലൂടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ലിമ ഈ അത്യുജ്ജ്വല നേട്ടം കൈവരിച്ചത്. ലിമയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളിലെ ലിതര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന ഈ കായികമാമാങ്കം അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് വന്‍ വിജയമായി മാറി.
രാവിലെ പത്തുമണി മുതല്‍ വൈകിട്ട് എട്ട് മണി വരെ നടന്ന കായികമേളയില്‍ യുകെയിലെ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളില്‍ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കാണികളും പങ്കെടുത്തു. രാവിലെ 9.30 മണിക്ക് ലിമയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പാസ്റ്റോടെയാണ് മത്സരങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. യുക്മ നാഷണല്‍ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ ഉദ്ഘാടന വേളയില്‍ സന്നിഹിതനായിരുന്നു. ട്രാക്കിലും ഫീല്‍ഡിലുമായി ഒരേ സമയം ഇടവേളകളില്ലാതെ നടന്ന മത്സരങ്ങള്‍ കായികപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
ലിവര്‍പൂള്‍ മലയാളി അസോസിഷേനില്‍ നിന്നുമുള്ള രണ്‍വീര്‍ മിലാന്‍ഡ് ആനപ്പറമ്പില്‍, ഷീന്‍ മാത്യു, അനസ് അലി എന്നിവര്‍ വ്യക്തിഗത ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി.റീജിയനല്‍ ഓവറോള്‍ ചാമ്പ്യന്‍ പട്ടം ആതിഥേയ അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (ലിമ) കരസ്ഥമാക്കിയപ്പോള്‍ വിഗന്‍ മലയാളി അസോസിഷേന്‍ രണ്ടാം സ്ഥാനവും, ബേര്‍ന്‍ലി മലയാളി അസോസിഷേന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓരോ മത്സരവും നിറഞ്ഞ കൈയടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. താരങ്ങള്‍ കാഴ്ചവെച്ച മികച്ച പ്രകടനങ്ങള്‍ കായികമേളയ്ക്ക് മാറ്റുകൂട്ടി. ലിമയുടെ സംഘാടനമികവ് പരിപാടിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. സമയബന്ധിതമായ മത്സരക്രമീകരണങ്ങളും മികച്ച സൗകര്യങ്ങളും പങ്കെടുത്തവരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റി. ഇത് ഒരു കായികമേള എന്നതിലുപരി മലയാളി സമൂഹത്തിന്റെ ഒത്തുചേരലിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറി.
കായികമേളയുടെ ഹൈലൈറ്റുകളിലൊന്നായ ആവേശകരമായ വടംവലി മത്സരത്തില്‍ വിജയികളായ ടീമിന് ക്യാഷ് അവാര്‍ഡും, യുക്മ എവര്‍ റോളിങ്ങ് ട്രോഫിയും സമ്മാനിച്ചു. കായിക മത്സരങ്ങള്‍ക്ക് പുറമെ ഒരു ദിവസത്തെ ദിനചര്യകളില്‍ നിന്ന് മാറിനില്‍ക്കാനും, പ്രിയപ്പെട്ടവരുമായി ഒത്തുചേര്‍ന്ന് ആഘോഷിക്കാനുമുള്ള അവസരം ലഭിച്ചതില്‍ പങ്കെടുത്തവരെല്ലാം നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തി. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള വന്‍ വിജയമാക്കിത്തീര്‍ത്തതിന്, പങ്കെടുത്ത കായികതാരങ്ങള്‍ക്കും, കാണികള്‍ക്കും, നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച സംഘാടകര്‍ക്കും, എല്ലാ പിന്തുണയും നല്‍കിയ സ്‌പോണ്‍സര്‍മാര്‍ക്കും ലിമ ഭാരവാഹികള്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തി.