ജൂണ്‍ 28 ശനിയാഴ്ച ബര്‍മിംങ്ഹാമിലെ സട്ടന്‍ കോള്‍ഡ്ഫീല്‍ഡില്‍ വെച്ച് നടക്കുന്ന യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായുള്ള റീജിയണല്‍ കായികമേളകള്‍ വളരെ വിജയകരമായി പര്യവസാനിച്ചു. ഈസ്റ്റ് ആംഗ്‌ളിയ, സൌത്ത് ഈസ്റ്റ്, വെയില്‍സ്, സൌത്ത് വെസ്റ്റ്, ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, യോര്‍ക്ക്ഷയര്‍ & ഹംബര്‍, നോര്‍ത്ത് വെസ്റ്റ് റീജിയണുകളില്‍ നടന്ന കായികമേളകള്‍ക്ക് ആവേശകരമായ പങ്കാളിത്തവും പിന്തുണയുമാണ് കായികതാരങ്ങളില്‍ നിന്നും അംഗ അസ്സോസ്സിയേഷനുകളില്‍ നിന്നും ലഭിച്ചത്.
ബര്‍മിംങ്ഹാമിലെ സട്ടന്‍ കോള്‍ഡ്ഫീല്‍ഡ് വിന്‍ഡ്‌ലി ലെഷര്‍ സെന്ററിലെ മനോഹരമായ സിന്തറ്റിക് ട്രാക്കിലാണ് 2025 യുക്മ ദേശീയ കായികമേളയുടെ ദീപശിഖ തെളിയുന്നത്. കായിക താരങ്ങള്‍ക്കും കാണികള്‍ക്കും ഏറെ സൌകര്യപ്രദമായ വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ ട്രാക്കിലായിരുന്നു 2024 ദേശീയ കായികമേളയും അരങ്ങേറിയത്. ട്രാക്കിലെയും ഫീല്‍ഡിലെയും വിവിധ മത്സരങ്ങള്‍ ഒരേ സമയം നടത്തുന്നതിന് സൌകര്യമുള്ളതാണ് വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍.
ജൂണ്‍ 14 ശനിയാഴ്ച ലൂട്ടനില്‍ വെച്ച് നടന്ന ഈസ്റ്റ് ആംഗ്‌ളിയ റീജിയന്‍, ജൂണ്‍ 15 ഞായറാഴ്ച കാര്‍ഡിഫില്‍ വെച്ച് നടന്ന വെയില്‍സ് റീജിയന്‍, യോവിലില്‍ വെച്ച് നടന്ന സൌത്ത് വെസ്റ്റ് റീജിയന്‍, പോര്‍ട്ട്‌സ്‌മൌത്തില്‍ വെച്ച് നടന്ന സൌത്ത് ഈസ്റ്റ് റീജിയന്‍, ജൂണ്‍ 21 ശനിയാഴ്ച റെഡ്ഡിച്ചില്‍ വെച്ച് നടന്ന ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ബാണ്‍സ്ലിയില്‍ വെച്ച് നടന്ന യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയന്‍, ലിവര്‍പൂളില്‍ വെച്ച് നടന്ന നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായികമേളകളില്‍ വിജയികളായവരാണ് (ഓരോ ഇനങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാര്‍) ദേശീയ കായികമേളയില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടിയിട്ടുള്ളത്.
ദേശീയ കായികമേള ഭംഗിയായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നുവെന്ന് യുക്മ ദേശീയ അദ്ധ്യക്ഷന്‍ എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു. ദേശീയ കായികമേള ജനറല്‍ കണ്‍വീനര്‍മാരായ സ്മിത തോട്ടം, പീറ്റര്‍ താണോലില്‍, ദേശീയ കായികമേള കോര്‍ഡിനേറ്റര്‍ സലീന സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ദേശീയ കായികമേളയുടെ മുന്നൊരുക്കങ്ങള്‍ നടന്ന് വരുന്നത്.
യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയല്‍, സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി എന്നിവരുടെ നേതൃത്വത്തില്‍ മുഴുവന്‍ ദേശീയ സമിതിയംഗങ്ങളും ദേശീയ കായികമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. റീജിയണല്‍ കായികമേളകളില്‍ നിന്ന് വിജയികളായ മുഴുവന്‍ കായിക താരങ്ങളെയും ദേശീയ കായികമേളയില്‍ പങ്കെടുപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് റീജിയണല്‍ നേതൃത്വങ്ങള്‍.
യുകെയിലെ മുഴുവന്‍ മലയാളി കായിക പ്രേമികളെയും യുക്മ ദേശീയ കായികമേളയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.
കായികമേള വേദിയുടെ വിലാസം:
Windley Leisure Centre,
Clifton Road,
Sutton Coldfield,
Birmingham. B73 6EB.
ഡോ.ബിജു പെരിങ്ങത്തറ യുക്മ യൂത്ത് എംപവര്‍മെന്റ് & ഡെവലപ്പ്‌മെന്റ് ഡയറക്ടര്‍
യുക്മ യൂത്ത് എംപവര്‍മെന്റ് & ഡെവലപ്പ്‌മെന്റ് ഡയറക്ടറായി മുന്‍ യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയെ, യുക്മ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ നിയമിച്ചതായി ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. 2019 മുതല്‍ യുക്മ യൂത്തിന്റെ ഭാഗമായുള്ള ട്രെയിനിംഗ് സെഷനുകള്‍, വര്‍ക്ക് ഷോപ്പുകള്‍, വിദ്യാഭ്യാസ അവബോധ സെമിനാറുകള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കി വരുന്ന ഡോ. ബിജുവിന്റെ പരിചയ സമ്പത്തും സംഘാടക മികവും പുതിയ ചുമതലയില്‍ കൂടുതല്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ച വെയ്ക്കുവാന്‍ അദ്ദേഹത്തിനെ പ്രാപ്തനാക്കുമെന്ന് യുക്മ ദേശീയ സമിതി വിലയിരുത്തി.
2022 - 2025 കാലയളവില്‍ യുക്മ ദേശീയ പ്രസിഡന്റായി തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ച ഡോ. ബിജു യുക്മയെ യു കെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യതയുള്ള ഒരു സംഘടനയാക്കി മാറ്റി. യുക്മ സൌത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ്, റീജിയണില്‍ നിന്നുള്ള ദേശീയ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ.ബിജു യുക്മയുടെ തുടക്കകാലം മുതല്‍ ഒരു സന്തത സഹചാരിയാണ്. ഗ്‌ളോസ്റ്റര്‍ഷയര്‍ മലയാളി അസ്സോസ്സിയേഷനിലെ (GMA) സജീവാംഗമായ ഡോ. ബിജു അസ്സോസ്സിയേഷന്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബര്‍മിംങ്ഹാം എന്‍ എച്ച് എസ്സില്‍ കണ്‍സട്ടന്റ് അനസ്ത്തിറ്റിസ്റ്റ് ആന്റ് ഡയറക്ടര്‍ ഓഫ് ക്രിട്ടിക്കല്‍ കെയറായി വളരെ തിരക്കേറിയ ഔദ്യോഗിക ജീവിതം നയിക്കുന്ന ഡോ. ബിജു, സാമൂഹിക സേവന രംഗത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി, 2022 ല്‍ ലണ്ടനില്‍ വെച്ച് നടന്ന ലോക കേരളസഭ യൂറോപ്പ് റീജിയണല്‍ സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാനായി കേരള ഗവണ്‍മെന്റ് അദ്ദേഹത്തെ നിയമിച്ചു. 2024 ജൂണില്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന നാലാമത് ലോക കേരളസഭയില്‍ പങ്കെടുക്കുവാന്‍ കേരള ഗവണ്‍മെന്റ് അദ്ദേഹത്തെ തിരഞ്ഞെടുത്തു.
യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ ട്രസ്റ്റിയായി പ്രവര്‍ത്തിക്കുന്ന ഡോ. ബിജു, യുകെയിലും കേരളത്തിലുമായി നിരവധി ചാരിറ്റി പ്രോജക്ടുകളില്‍ നേതൃത്വം വഹിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. 2018 ലെ പ്രളയ ദുരന്തത്തിന് ഇരയായി വീട് നഷ്ടപ്പെട്ടവര്‍ക്ക് യുക്മ GMA യുടെ സഹകരണത്തോടെ നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയതുള്‍പ്പടെ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്.
ശ്രീ നാരായണ ധര്‍മ്മ പരിപാലന സംഘത്തിന്റെ ആശയങ്ങള്‍ക്ക് അനുസൃതമായി രൂപം കൊണ്ട 'സേവനം യുകെ' യുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ ഡോ. ബിജു, സംഘടനയുടെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളുടെ പ്രചരണാര്‍ത്ഥം വൂള്‍വര്‍ഹാംപ്റ്റണില്‍ ആരംഭിച്ച ശിവഗിരി ആശ്രമം സ്ഥാപിക്കുന്നതിന് നേതൃപരമായ പങ്ക് ഡോ. ബിജു വഹിച്ചിട്ടുണ്ട്.
സൌത്ത് വെസ്റ്റിലെ ഗ്‌ളോസ്റ്റര്‍ഷയറില്‍ താമസിക്കുന്ന ഡോ. ബിജുവിന്റെ ഭാര്യ ഡോ. മായ, മക്കള്‍ ഡോ. അപര്‍ണ, മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ലക്ഷ്മി, ഹൃഷികേശ് എന്നിവര്‍ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി അദ്ദേഹത്തോടൊപ്പമുണ്ട്.