സ്പിരിച്വല്‍

'യുകെയുടെ മലയാറ്റൂര്‍' തിരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം; പ്രധാന തിരുന്നാള്‍ ശനിയാഴ്ച

'യുകെയുടെ മലയാറ്റൂര്‍' എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം. പ്രാര്‍ത്ഥനാ മന്ത്രങ്ങളാല്‍ മുഖരിതമായി പരിശുദ്ധമായ അന്തരീക്ഷത്തില്‍ ഇടവക വികാരി ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റിയതോടെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തിരുന്നാളിനോട് അനുബന്ധിച്ചു വിഥിന്‍ഷോ ഫോറം സെന്ററില്‍ നടന്ന ഇടവകദിനം 'ഗ്രെഷ്യസ് 2025' മികച്ച ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവിലും ശ്രദ്ധേയമായി. ഇടവകയിലെ വിവിധ കുടുംബ കൂട്ടായ്മകള്‍ വിവിധങ്ങളായ പരിപാടികളുമായി വേദിയില്‍ നിറഞ്ഞതോടെ ഏവര്‍ക്കും എക്കാലവും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന നല്ലൊരു സായാഹ്നത്തിനാണ് മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിച്ചത്. ഇതിനൊപ്പം വില്യം ഐസക്കും ഡെല്‍സി നൈനാനും ചേര്‍ന്ന് അവതരിപ്പിച്ച മ്യൂസിക്കല്‍ ഷോ ഏവര്‍ക്കും വിസ്മയ വിരുന്നായി മാറുകയായിരുന്നു.

ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ തിരുന്നാള്‍ പ്രസുദേന്തിമാരും ഇടവക ജനവും പ്രദക്ഷിണമായി കൊടിമരച്ചുവട്ടില്‍ എത്തിയതോടെ നടന്ന പ്രാര്‍ത്ഥനകളെ തുടര്‍ന്ന് വികാരി ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റ് നിര്‍വഹിച്ചു. തുടര്‍ന്ന് പ്രദക്ഷിണമായി ഏവരും പള്ളിയില്‍ പ്രവേശിച്ചതോടെ പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും വിശുദ്ധ കുര്‍ബാനയും നടന്നു. ഇതേതുടര്‍ന്ന് കുടുംബ യൂണിറ്റുകള്‍ വഴിയുള്ള കഴുന്ന് പ്രദക്ഷിണങ്ങള്‍ക്ക് തുടക്കമായി. ദിവ്യബലിയെ തുടര്‍ന്ന് 25ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന അലക്‌സ് വര്‍ഗീസ്, സാജുകാവുങ്ങ, ഡോ. ബെന്‍ഡന്‍ എന്നീ കുടുംബങ്ങളെ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു. ദിവ്യബലിയെ തുടര്‍ന്ന് നടന്ന ഉല്‍പ്പന്ന ലേലത്തില്‍ ഏവരും സജീവ പങ്കാളിത്തം വഹിച്ചു.

ഇന്നുമുതല്‍ അടുത്ത വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം 5.30ന് ദിവ്യബലിയും നൊവേനയും നടക്കും. തിരുന്നാളിനോട് അനുബന്ധിച്ചു ഫോറം സെന്ററില്‍ നടന്ന കലാസന്ധ്യ ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും മികച്ച ഉദാഹരണമായി. ഫാ.ജോസ് കുന്നുംപുറം പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഇരുപത് വര്‍ഷക്കാലം ഇടവകയില്‍ സേവനം ചെയ്ത കൈക്കാരന്‍മാരെയും സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ചവരേയും ചടങ്ങില്‍ ആദരിച്ചു. കലാസന്ധ്യയെ തുടര്‍ന്ന് വിഭവ സമൃദ്ധമായ ഡിന്നറോടെയാണ് പരിപാടികള്‍ സമാപിച്ചത്. വിവിധ സന്നദ്ധ സംഘടനകളുടെ സ്റ്റാളുകള്‍ ഫോറം സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇക്കുറി തിരുന്നാളിന്റെ ഇരുപതാം വാര്‍ഷികം കൂടി എത്തിയതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുവാന്‍ വേണ്ട ഒരുക്കങ്ങള്‍ ആണ് നടന്നുവരുന്നത്. ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാസ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററില്‍ നടക്കുക. പ്രധാന തിരുന്നാള്‍ ജൂലൈ അഞ്ചിന് ശനിയാഴ്ച നടക്കും. ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാനയും നൊവേനയും നടക്കും. ഈ ദിവസങ്ങളില്‍ ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവക്കുള്ള നിയോഗങ്ങള്‍ സമര്‍പ്പിച്ചാവും തിരുക്കര്‍മ്മങ്ങള്‍ നടക്കുക.

ഇന്ന് മാഞ്ചസ്റ്റര്‍ ഹോളിഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ.വിന്‍സെന്റ് ചിറ്റിലപ്പള്ളി മുഖ്യ കാര്‍മ്മികവുമ്പോള്‍ ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. സുനി പടിഞ്ഞാറേക്കരയും ബുധനാഴ്ച സാല്‍ഫോര്‍ഡ് സെന്റ് എവുപ്രാസ്യാ മിഷന്‍ ഡയറക്ടര്‍ ഫാ.സാന്റോ വാഴേപറമ്പിലും മുഖ്യ കാര്‍മ്മികനാവും. വ്യാഴാഴ്ച ഷ്രൂസ്‌ബെറി രൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍ ഗാനന്‍ കാര്‍മ്മികനാവുമ്പോള്‍ വെള്ളിയാഴ്ച നോട്ടിംഗ്ഹാം സെന്റ് ജോണ്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോബി ജോണ്‍ ഇടവഴിക്കലും കാര്‍മ്മികരാവും.

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ അഞ്ചിന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ അത്യാഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനക്ക് തുടക്കമാകും. ആഷ്ഫോര്‍ഡ് മാര്‍സ്ലീവാ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികനാവുമ്പോള്‍ ഒട്ടേറെ വൈദീകര്‍ സഹകാര്‍മ്മികരാകും. തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണവും സ്‌നേഹവിരുന്നും നടക്കും. ജൂലൈ ആറാംതീയതി ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടര്‍ന്ന് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. തുടര്‍ന്ന് നേര്‍ച്ചവിതരണവും ഉണ്ടായിരിക്കും.

യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററില്‍ ആയിരുന്നു. പിന്നീട് എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ആയി ആഘോഷിച്ചുവരികയാണ്. ഒരു പ്രവാസിയായി എത്തിയപ്പോള്‍ നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന നാട്ടിലെ പള്ളിപ്പെരുന്നാള്‍ ആഘോഷങ്ങള്‍ എല്ലാം പിന്നീട് മാഞ്ചസ്റ്ററില്‍ എത്തുന്ന കാഴ്ചയാണ് മലയാളി സമൂഹം കണ്ടത്. മുത്തുക്കുടകളും പൊന്‍-വെള്ളി കുരിശുകളുമെല്ലാം നാട്ടില്‍നിന്നും എത്തിച്ചു തിരുന്നാള്‍ ആഘോഷകള്‍ക്ക് തുടക്കം കുറിക്കുകയും പിന്നീട് നാട്ടിലേക്കാളും കേമമായി തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത് മാഞ്ചസ്റ്ററിലാണെന്ന് പഴമക്കാര്‍ പറയുന്നു.

മാഞ്ചസ്റ്ററിനു തിലകക്കുറിയായി വിഥിന്‍ഷോയില്‍ ഉയര്‍ന്നുനില്‍ക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക. മാഞ്ചസ്റ്റര്‍ മലയാളികള്‍ക്കൊപ്പം തദ്ദേശീയരായ ഇംഗ്ലീഷ് ജനതയ്ക്കും തിരുന്നാള്‍ ആഘോഷമാണ്. കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്റ് ആന്റണീസ് ദേവാലയവും മുത്തുക്കുടകളും ബാന്‍ഡ് മേളവും എല്ലാം കാണുവാന്‍ ഒട്ടേറെ തദ്ദേശീയരും എത്താറുണ്ട്. പ്രധാന തിരുന്നാള്‍ ദിനത്തില്‍ പൗരാണികതയും പ്രൗഢിയും വിളിച്ചോതുന്ന തിരുന്നാള്‍ പ്രദക്ഷിണം ഏറെ അനുഗ്രഹപ്രദമാണ്. പൊന്‍-വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്.

തിരുന്നാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യന്‍, ജയന്‍ ജോണ്‍, ദീപു ജോസഫ് എന്നിവരുടെയും പാരിഷ് കമ്മറ്റിയുടെയും നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.







  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions