കൊച്ചു കുട്ടികളുള്ള പങ്കാളികള്‍ക്ക് ഒരേസമയം ജോലിക്ക് പോകാവുന്ന വിധം ഇംഗ്ലണ്ടില്‍ പുതുതായി 200 നഴ്സറികള്‍ വരുന്നു. ജോലിക്കാരായ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. സ്കൂള്‍ പ്രായത്തിന് താഴെയുള്ള 4,000 കുട്ടികളെ ഉള്‍ക്കൊള്ളാന്‍ ഈ നഴ്സറികള്‍ സഹായിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ . ഈ സെപ്റ്റംബറില്‍ ഇംഗ്ലണ്ടില്‍ ഏകദേശം 200 സ്കൂള്‍ അധിഷ്ഠിത നഴ്സറികള്‍ ആണ് പുതുതായി തുറക്കുക.
ഈ പദ്ധതിയുടെ അടുത്തഘട്ടം ശരത്കാലത്ത് ആരംഭിക്കും എന്നാണ് അറിയാന്‍ സാധിച്ചത്. അടുത്ത ഘട്ടത്തില്‍ നഴ്സറി സ്കൂളുകളുടെ എണ്ണം 300 ആയി ഉയര്‍ത്തും. കൂടാതെ സൗജന്യമായി ഭക്ഷണം ഉള്‍പ്പെടെ മാതാപിതാക്കളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ടുള്ള ഒട്ടേറെ പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കൂടുതല്‍ മാതാപിതാക്കള്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കും എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. പദ്ധതി പൂര്‍ണ്ണരൂപത്തില്‍ നടപ്പിലാക്കുന്നത് ഒട്ടേറെ യു കെ മലയാളികള്‍ക്കും പ്രയോജനം ചെയ്യും. നിലവില്‍ കുഞ്ഞു കുട്ടികള്‍ ഉള്ള മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്ക് പോകുമ്പോള്‍ നാട്ടില്‍ നിന്ന് വിസിറ്റിംഗ് വിസയില്‍ മാതാപിതാക്കളെ കൊണ്ടു വരേണ്ട രീതിയാണ് മിക്കവരും അവലംബിക്കുന്നത് .
പുതിയ നഴ്സറികള്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്നത് ഒരു തുടക്കം മാത്രമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ ലേബര്‍ പാര്‍ട്ടി സമ്മേളനത്തിന് തൊട്ടുമുമ്പ് പറഞ്ഞു. എല്ലാ വര്‍ഷവും പതിനായിരക്കണക്കിന് കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സജ്ജമാക്കുന്നതിനുള്ള വ്യക്തമായ ഒരു പദ്ധതി ഈ സര്‍ക്കാരിനുണ്ടെന്നും അതുവഴി ഏത് പശ്ചാത്തലത്തില്‍ നിന്നുമുള്ള കുട്ടിക്കും ജീവിതത്തില്‍ മുന്നേറാന്‍ ആവശ്യമായ അവസരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധനസഹായത്തോടെ ആഴ്ചയില്‍ 30 മണിക്കൂര്‍ ചൈല്‍ ഡ്കെയര്‍ നടത്തുന്നത് രക്ഷിതാക്കള്‍ക്ക് ശരാശരി 7,500 പൗണ്ടും സ്കൂളുകളിലെ സൗജന്യ പ്രഭാതഭക്ഷണ ക്ലബ്ബുകള്‍ വഴി പ്രതിവര്‍ഷം 450 പൗണ്ടും ലാഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. കഴിഞ്ഞ മാസം പദ്ധതിക്കായി സര്‍ക്കാര്‍ ഏകദേശം 370 മില്യണ്‍ പൗണ്ട് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ചില സ്ഥലങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് മുറികളെ ആദ്യകാല വര്‍ഷങ്ങളിലേക്കുള്ള ക്രമീകരണങ്ങളാക്കി മാറ്റുന്നതും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.