സ്‌ട്രോക്ക് രോഗികളുടെ രോഗാവസ്ഥ തിരിച്ചറിയുന്നതിലും, ചികിത്സ ലഭ്യമാക്കുന്നതിലും എന്‍എച്ച്എസ് തുടരെ പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട് . ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് ഓംബുഡ്‌സ്മാനാണ് സ്‌ട്രോക്ക് രോഗികളെ പരിചരിക്കുന്നതില്‍ ഹെല്‍ത്ത് സര്‍വ്വീസിന് തുടര്‍ച്ചയായി വീഴ്ചകള്‍ സംഭവിക്കുന്നതായി കുറ്റപ്പെടുത്തുന്നത്.
വേള്‍ഡ് സ്‌ട്രോക്ക് അസോസിയേഷന്‍ കണക്ക് പ്രകാരം ആഗോള തലത്തില്‍ ഈ വര്‍ഷം 12 മില്ല്യണ്‍ പേര്‍ക്ക് സ്‌ട്രോക്ക് നേരിടാം. ഇതില്‍ 6.5 മില്ല്യണ്‍ പേര്‍ക്ക് ജീവഹാനി സംഭവിക്കാമെന്നാണ് കരുതുന്നത്. യുകെയിലെ ഏറ്റവും വലിയ കൊലയാളികളില്‍ ഒന്നായ സ്‌ട്രോക്ക് ബാധിച്ച് പ്രതിവര്‍ഷം 34,000 പേരാണ് മരിക്കുന്നത്.
ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. മുഖം കോടുന്നതും, കൈകള്‍ക്ക് ബുദ്ധിമുട്ട് തോന്നുന്നതും, സംഭാഷണം പ്രശ്‌നമാകുന്നതും ഉള്‍പ്പെടെ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളെ കുറിച്ച് ബോധവത്കരണം നടത്താന്‍ എന്‍എച്ച്എസ് ഫാസ്റ്റ് കാമ്പയിന്‍ ലക്ഷ്യമിടുന്നു. സ്‌ട്രോക്ക് തിരിച്ചറിഞ്ഞ് നാല് മണിക്കൂറിനുള്ളില്‍ സ്‌പെഷ്യലിസ്റ്റ് സ്‌ട്രോക്ക് യൂണിറ്റിലേക്ക് മാറ്റുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.
ഇത് നടക്കാതെ പോകുമ്പോള്‍ മരണമോ, ദീര്‍ഘകാല വൈകല്യങ്ങളിലോ കലാശിക്കാം. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ഡാറ്റ പ്രകാരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന 46.6 ശതമാനം രോഗികളെ മാത്രമാണ് നാല് മണിക്കൂറിനുള്ളില്‍ സ്‌പെഷ്യലിസ്റ്റ് സ്‌ട്രോക്ക് യൂണിറ്റില്‍ പ്രവേശിപ്പിക്കുന്നത്. ഈ കണക്ക് പര്യാപ്തമല്ലെന്ന് ഓംബുഡ്‌സ്മാന്‍ വ്യക്തമാക്കുന്നു.