ശസ്ത്രക്രിയ ഉപകരണങ്ങളുടെ കുറവ്, കെടുകാര്യസ്ഥത, മരുന്നുകളുടെ ക്ഷാമം, പഴകിയ കെടിടങ്ങള്‍ പൊളിക്കാതെ നിര്‍ത്തി തകര്‍ന്നു വീഴുന്ന അവസ്ഥ.... ബിന്ദു എന്ന സ്ത്രീയുടെ രാക്ഷസാക്ഷിത്വം... ആരോഗ്യമന്ത്രിയുടെ രാജിയ്ക്കായി നാടെങ്ങും പ്രക്ഷോഭം... സര്‍ക്കാരിനെതിരെ വിമര്‍ശന ശരങ്ങള്‍... അതിനിടെ സ്വന്തം ആരോഗ്യരക്ഷതേടി മുഖ്യമന്ത്രി പിണറായി വിജയന്‍ രായ്ക്കുരാമാനം അമേരിക്കയ്ക്ക് പറക്കുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ ആരോഗ്യ രംഗം വിട്ടിട്ടാണ് അദ്ദേഹത്തിന്റെ തന്നെ വിശേഷണം നേടിയ 'തെമ്മാടി രാഷ്ട്രത്തിലേക്ക് പറക്കുന്നത്. പണക്കാര്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്താത്തത് പിശുക്കര്‍ എന്ന വിളി ഓര്‍ത്തു മാത്രമാണ് എന്നാണ് പിണറായി അടുത്തിടെ പറഞ്ഞത്. അത്രയ്ക്ക് മികച്ച ചികിത്സയും സൗകര്യവും ആണ് കേരളത്തില്‍.
ഏതായാലും ആരോഗ്യ വകുപ്പിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ മുറുകവേയാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക് തിരിക്കുന്നത്. ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയ്ക്ക് വിധേയനാവും
യു എസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. നേരത്തെ, മയോക്ലിനിക്കല്‍ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു.
2018ലാണ് ആദ്യമായി ചികില്‍സയ്ക്കു പോയത്. 2022 ജനുവരി 11 മുതല്‍ 26വരെയും ഏപ്രില്‍ അവസാനവും ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു. 2018 സെപ്റ്റംബറില്‍ തന്റെ ഒന്നാം സര്‍ക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നത്. 2021 ജൂലൈ 7 മുതല്‍ 2024 ഒക്ടോബര്‍ 3 വരെ മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് ഇനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി കൈപ്പറ്റിയത് 77,74,356 രൂപയാണ്. ഇക്കുറിയും സര്‍ക്കാര്‍ ചിലവിലാകും മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് മകള്‍ക്ക് കൂട്ടിരിപ്പിനെത്തിയ അമ്മ മരിച്ച സംഭവത്തില്‍ വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ യാത്ര എന്നതു സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസത്തിനു കാരണമായി.
കോട്ടയം മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി യാതൊന്നും പ്രതികരിച്ചിരുന്നില്ല. എല്ലാം മന്ത്രിമാര്‍ പറയുമെന്ന് മാത്രമായിരുന്നു പ്രതികരണം. പിന്നീട് ഇന്നാണ് ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരണം വന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്കാണ് മുഖ്യമന്ത്രി പോയത്. അവിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജും മന്ത്രി വി.എന്‍. വാസവനും ഉണ്ടായിരുന്നു. ദുരന്തം ഉണ്ടായപ്പോള്‍ സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എന്‍ വാസവനും വീണ ജോര്‍ജും ആളൊഴിഞ്ഞ കെട്ടിടമാണെന്ന് പറയുകയുണ്ടായി. എന്നാല്‍ വളരെ വൈകിയാണ് ഒരു സ്ത്രീ അതില്‍പ്പെട്ടിട്ടുണ്ടെന്ന സംശയം ഉയര്‍ന്നതും പരിശോധനയില്‍ പരിക്കുകളോടെ കണ്ടെത്തിയതും. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനുമായില്ല.
സംഭവം നടക്കുമ്പോള്‍ ജില്ലാതല വികസനസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി കോട്ടയത്തുണ്ടായിരുന്നു. അവിടെ നിന്നാണ് മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിലേക്ക് എത്തി പെട്ടെന്ന് മടങ്ങിയത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളുടെ നവകേരള സദസ്സിന്റെ ഭാഗമായുള്ള ജില്ലാതല പദ്ധതി അവലോകന യോഗം ഏറ്റുമാനൂര്‍ തെള്ളകത്ത് നടക്കുന്നതിനിടെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ അപകടമുണ്ടായത്.