ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് കാനഡയില്‍ മലയാളി പൈലറ്റിന് ദാരുണാന്ത്യം. കൊച്ചി തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23) ആണ് മരിച്ചത്. പരിശീലനപ്പറക്കലിനിടെയാണ് അപകടം. ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്സും മരിച്ചു.
കാനഡ മാനിറ്റോബ സ്റ്റൈന്‍ ബാങ്ക് സൗത്ത് എയര്‍പോര്‍ട്ടിന് സമീപം കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം രാത്രിയാണ് അപകടം. ഒരേ സമയം റണ്‍വേയിലേക്ക് പറന്നിറങ്ങാന്‍ ശ്രമിക്കേയാണ് അപകടം നടന്നത്. സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി. ഫ്ളയിങ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. സഹോദരി സംയുക്ത പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.
വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവരും നിയന്ത്രിച്ചിരുന്ന ചെറു പരിശീലന വിമാനം പരസ്പരം മുഖാമുഖം വരികയായിരുന്നു. ആശയവിനിമയ സംവിധാനങ്ങളിലെ പിഴവു മൂലം 2 പൈലറ്റുമാര്‍ക്കും എതിര്‍ദിശയിലെത്തിയ വിമാനം കാണാനായില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍.