ജൂലൈ പകുതിയോടെ ആരംഭിച്ച് സെപ്റ്റംബര്‍ ആദ്യം അവസാനിക്കുന്നതാണ് യുകെയിലെ ഹോളിഡേ സീസണ്‍. അതുകൊണ്ടുതന്നെ ജൂലൈ- ഓഗസ്റ്റ് മാസത്തിലെ അവധിക്കാലത്തെ ചെലവും തിരക്കും വളരെയധികമാണ്. വിമാന ടിക്കറ്റ് നിരക്ക് കൊള്ളയാണ് ഈ സമയത്ത്. ഇതിനൊക്കെ പരിഹാരവുമായി യുകെ പ്രധാന ഹോളിഡേയ്ക്ക് പുറമെ രണ്ടാഴ്ച്ച നീളുന്ന മറ്റൊരു ഹോളിഡേ കൂടി നിര്‍ദേശിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതനുസരിച്ച് ഒക്ടോബര്‍ അവസാന വാരത്തെ ഹാഫ് ടേം ഹോളിഡേ രണ്ടാഴ്ച്ചയായി നീട്ടും. അത്യാവശ്യക്കാര്‍ക്ക് ഈ സമയത്ത് നാട്ടില്‍ പോയി വരാനും സാധിക്കും.
എന്നാല്‍ ചെലവ് കുറഞ്ഞ ഒഴിവുകാല യാത്രകള്‍ സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്‌കരിക്കുന്ന ഈ പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. ഇത് അധ്യാപകരുടെ ജോലി കുറയ്ക്കുകയും അതേസമയം വിദ്യാഭ്യാസത്തെ തകര്‍ക്കുകയും ചെയ്യും എന്നാണ് പ്രധാന ആരോപണം. മാത്രമല്ല, ഈ അധിക അവധിക്കാലത്ത്, കുട്ടികളെ നോക്കാന്‍ മിക്ക മാതാപിതാക്കള്‍ക്കും സമയം ലഭിച്ചേക്കില്ലെന്നും, ചൈല്‍ഡ് കെയറിനായി അധിക തുക ചെലവഴിക്കേണ്ടി വന്നേക്കുമെന്നും ഈ നയത്തിനെ എതിര്‍ക്കുന്നവര്‍ പറയുന്നു.
പക്ഷെ, തിരക്കേറിയ ഒഴിവുകാലങ്ങളില്‍ വിമാനക്കമ്പനികളും ഹോളിഡേ സംഘാടകരും ഈടാക്കുന്ന അമിത ചാര്‍ജ്ജില്‍ നിന്നും രക്ഷനേടി കുറഞ്ഞ ചെലവില്‍ ഒഴിവുകാലം ആസ്വദിക്കാന്‍ ഇത് മാതാപിതാക്കളെ സഹായിക്കും എന്നാണ് ഒരു ഹെഡ് ടീച്ചര്‍ പറഞ്ഞത്. മാത്രമല്ല, ജോലിയില്‍ നിന്നും കൂടുതല്‍ ഇടവേള നല്‍കുന്നതിനാല്‍ ജീവനക്കാര്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതും കുറയ്ക്കാന്‍ കഴിയുമെന്നും ഹെഡ് ടീച്ചര്‍ പറയുന്നു.
എന്നാല്‍, ഒഴിവുകാലം ആസ്വദിക്കുന്നതിനോ കുട്ടിയുടെ ഭാവിക്കോ,എന്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന കാര്യം നമ്മള്‍ ഗൗരവകരമായി ചിന്തിക്കണം എന്നാണ് ക്യാംപെയിന്‍ ഫോര്‍ റിയല്‍ എഡ്യൂക്കേഷന്‍ എന്ന സംഘടനയുടെ ചെയര്‍മാന്‍ ക്രിസ് മെക്ഗവേണ്‍ ചോദിക്കുന്നത്.
അടുത്തിടെ നടന്ന ഒരു അഭിപ്രായ സര്‍വ്വേയില്‍, പകുതിയോളം മാതാപിതാക്കള്‍, വേനലവധി ആറാഴ്ചയില്‍ നിന്നും നാല് ആഴ്ചയായി കുറയ്ക്കണമെന്നും, ഹാഫ് ടേം ഹോളിഡേസ് നീട്ടണമെന്നും ഉള്ള അഭിപ്രായക്കാരാണെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് ഇങ്ങനെയൊരു തീരുമാനം വന്നിരിക്കുന്നത്. പാരെന്റ് കൈന്‍ഡ് എന്ന ചാരിറ്റി നടത്തിയ അഭിപ്രായ സര്‍വ്വേയിലായിരുന്നു ഇങ്ങനെയൊരു അഭിപ്രായം ഉയര്‍ന്നത്. അതേസമയം, സ്‌കൂള്‍ അവധിയുമായി ബന്ധപ്പെട്ട ഏതൊരു തീരുമാനവും കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടായിരിക്കണമെന്നും, മാതാപിതാക്കളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കരുത് അന്നുമാണ് മെക് ഗവേണ്‍ പറയുന്നത്.