സമരസപ്പെടാത്ത, നെഞ്ചുറപ്പുള്ള പോരാളിയെ രാഷ്ട്രീയ കേരളത്തിന് നഷ്ടമായിരിക്കുന്നു. സമരങ്ങളുടെ തീച്ചൂളയിലേയ്ക്ക് എടുത്തെറിയപ്പെട്ട ജീവിതം. ബാല്യവും കൗമാരവും യൗവനവും വാര്‍ദ്ധക്യവുമെല്ലാം പോരാട്ടങ്ങളുടേതായിരുന്നു. പാര്‍ട്ടിനേതാക്കള്‍ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിച്ചപ്പോള്‍ തിരുത്താനൊരു വി എസ് ഉണ്ടായിരുന്നു. അദ്ദേഹം രോഗ ശയ്യയിലായത് പാര്‍ട്ടിയ്ക്കും തീരാ നഷ്ടമായി.
കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വിഎസ് എന്ന രണ്ടക്ഷരം ഉയര്‍ത്തുന്ന, ഉയര്‍ത്തിയ ആരവം മറ്റൊരു നേതാവിന് എത്തിപ്പിടിക്കാന്‍ കഴിയാത്തതിലും അപ്പുറമാണ്.. കേരളത്തിന്റെ സമരനായകന്‍ വിടവാങ്ങുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ രാഷ്ട്രീയഭേദമന്യേ ജനപ്രിയ നേതാവ് എന്ന കസേരയിലെ ആളൊഴിയുകയാണ്. പാര്‍ട്ടിയ്ക്കപ്പുറം അണികള്‍ക്കപ്പുറം കേരളമെമ്പാടും ജനമനസുകളില്‍ ഇടം നേടിയ നേതാക്കളുടെ പട്ടികയിലെ അവസാനപേരുകാരനാണ് ഒരുപക്ഷേ വിടവാങ്ങുന്നത്. ഇനിയൊരു വിഎസ് എന്നത് സംഭവ്യമല്ല. അത്തരമൊരു സമരതീക്ഷണ ചരിത്രം ഇനി പുസ്തകത്താളുകളില്‍ മാത്രമാണ് ഉണ്ടാവുക. വിഎസ് അച്യുതാനന്ദന്‍ ചുവന്ന തീനാളമായി മാറുകയാണ്.
കേരളത്തിന് വിഎസ് എന്ന രണ്ടക്ഷരം അച്യുതാനന്ദന്‍ എന്ന മഹാമേരുവാണ്. തോല്‍വികളില്‍ തളരാതെ തന്റെ ആശയത്തിനും ആദര്‍ശത്തിനുമായി നിരന്തരം പോരാടിയ ഒരു പോരാളിയുടെ പേരാണ്.
നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ വിഎസിന്റെ പോരാട്ടം പാര്‍ട്ടിക്കുള്ളില്‍ അവമതിപ്പ് ചിലര്‍ക്ക് ഉണ്ടാക്കിയെങ്കിലും പോളിറ്റ് ബ്യൂറോയില്‍ നിന്ന് തരം താഴ്ത്തപ്പെട്ടെങ്കിലും വിഎസ് – വിഎസായി തന്നെ നിലകൊണ്ടു. തന്റെ നിലപാടിലും ആശയത്തിലും ഉറച്ചുനിന്ന് പാര്‍ട്ടിക്കുള്ളില്‍ തെറ്റെന്ന് കണ്ടതിനെയെല്ലാം എതിര്‍ത്ത് വിഎസ് സമരം ചെയ്തു. സിപിഎമ്മിനുള്ളിലെ വലതുപക്ഷ വ്യതിയാനത്തേയും മുതലാളിത്തത്തേയും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശിച്ച വിഎസിനെ വിഭാഗീയത ഉണ്ടാക്കിയെന്ന അളവുകോലിലാണ് പാര്‍ട്ടി നേരിട്ടതും പലകുറി തരംതാഴ്ത്തിയതും.
1996ലെ മാരാരിക്കുളം തോല്‍വിയാണ് വിഎസിനെ സംസ്ഥാനത്തെ ജനപ്രിയ നേതാവാക്കിയതെന്ന് പറയാം. കര്‍ക്കശക്കാരനായ പാര്‍ട്ടി സെക്രട്ടറിയ്ക്കും കമ്മ്യൂണിസ്റ്റ് നേതാവിനുമപ്പുറം വിഎസ് പ്രസംഗത്തിലടക്കം പോപ്പുലര്‍ നേതാവ് ഇമേജിലേക്കെത്തിയത് ഈ തോല്‍വിക്ക് പിന്നാലെയാണ്. ജനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായി വിഎസ് മാറി.
പ്രതിപക്ഷ നേതാവെന്ന നിലയിലാണ് വി എസ് ഏറ്റവും കരുത്തനായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞത്. അവശജനവിഭാഗങ്ങള്‍ക്ക് വേണ്ടിയും കേരളത്തിന്റെ പരിസ്ഥിതിക്ക് വേണ്ടിയും വിഎസ് ഒച്ചപ്പാടുണ്ടാക്കി. പാരിസ്ഥിതിക വിഷയങ്ങളെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയതില്‍ വിഎസിന്റെ പങ്ക് ചെറുതല്ല. മതികെട്ടാന്‍ ചോലവനങ്ങളിലേക്ക് ആ കൊള്ളയെ കുറിച്ച് അന്വേഷിക്കാന്‍ കാല്‍വെച്ചതോടെ വിഷയം കേരളമേറ്റെടുക്കുകയായിരുന്നു. പ്ലാച്ചിമട സമരത്തില്‍ വിഎസ് അച്യുതാനന്ദന്‍ പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യം ആ സമരത്തിന് നല്‍കിയ ഊര്‍ജ്ജം ചെറുതല്ലായിരുന്നു. മൂന്നാറില്‍ മുഖ്യമന്ത്രിയായിരിക്കെ വിഎസ് കൈയ്യേറ്റത്തിനെതിരെ നടത്തിയ ഇടപെടലും മറക്കാനാവില്ല. വിഎസിന്റെ പോരാട്ടങ്ങളത്രയും ചൂഷണത്തിന് ഇരയാകുന്നവര്‍ക്ക് വേണ്ടിയായിരുന്നു. അവരെ ആവേശഭരിതരാക്കി പോരാളിയാക്കാനുള്ള സമരസപ്പെടലുകളില്ലാത്ത നിരന്തര പോരാട്ടമാണ് വിഎസ് എന്ന രണ്ടക്ഷരം.
ഇടപെടുന്ന വിഷയങ്ങളില്‍ തീര്‍പ്പുണ്ടാകുന്നതുവരെയുള്ള ജാഗ്രത്തായ സമീപനമായിരുന്നു അദ്ദേഹത്തിന്റെ രീതി. ഈയൊരു പോരാട്ട ശൈലിക്ക് കേരള രാഷ്ര്‌ടീയത്തില്‍ മറ്റൊരു മാതൃകയില്ല. ഭൂമി കൈയേറ്റങ്ങള്‍ക്കെതിരായ നടപടികള്‍ക്ക് നേതൃത്വം നല്‍കി, മുണ്ടും മാടിക്കുത്തിയുള്ള വി.എസിന്റെ പ്രായം മറന്നുള്ള നടത്തം കേരളത്തിന് എല്ലാ കാലത്തും ഓര്‍ക്കാനുള്ളതാണ്. സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അദ്ദേഹം ഇരകള്‍ക്കുവേണ്ടി ജ്വലിച്ചു. മതികെട്ടാന്‍, പ്ലാച്ചിമട, സൂര്യനെല്ലി, ഐസ്‌ക്രീം പാര്‍ലര്‍, കിളിരൂര്‍, പാമോയില്‍, ഇടമലയാര്‍ എന്നിങ്ങനെ എത്രയെത്ര കേസുകളില്‍ വി.എസ്. സമര നായകനായി. വമ്പന്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാറിലും എറണാകുളത്തെ എം.ജി റോഡിലും ബുള്‍ഡോസര്‍ നിരങ്ങി നീങ്ങുന്നതിനൊപ്പം കാഴ്‌ചക്കാരായി നിന്ന ജനം ആര്‍പ്പുവിളിച്ചത് വി.എസിന്റെ പേരായിരുന്നു.
പുറത്തെ പോരാട്ടങ്ങള്‍ക്ക് ഒപ്പം പാര്‍ട്ടിക്കുള്ളിലും വി.എസിനു പട നയിക്കേണ്ടി വന്നിട്ടുണ്ട്. വിഭാഗീയതയുടെ ചരിത്രമേറെയുള്ള സി.പി.എമ്മില്‍ അതിന്റെ ഒരു ഭാഗത്ത് വി.എസ് എപ്പോഴുമുണ്ടായിരുന്നു. നേതാക്കള്‍ തമ്മിലുള്ള വിഭാഗീയത കൊടികുത്തി നിന്നപ്പോഴും പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കാക്കാന്‍ വി.എസിനു കഴിഞ്ഞു എന്നുള്ളതിന്. 2011ല്‍ വി.എസ് വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയാനായി ബോധപൂര്‍വം ശ്രമം നടന്നതായി സംസാരമുണ്ട്. അന്ന് നേരിയ വ്യത്യാസത്തിലാണ് തുടര്‍ഭരണം നഷ്ടമായത്.