മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്കായി യുകെയിലെ പിറവം നിവാസികളുടെ കൂട്ടായ്മയായ 'ഫ്രണ്ട്‌സ് പിറവം യുകെ' ലണ്ടനില്‍ നടത്തിയ ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ T10 ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശോജ്വലമായി. ലണ്ടനിലെ സെവന്‍ ഓക്‌സില്‍ വെച്ച് നടന്ന ടൂര്‍ണ്ണമെന്റ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേല്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. യുകെയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 8 ടീമുകള്‍ പങ്കെടുത്ത 10 ഓവര്‍ മത്സരങ്ങളില്‍ കെന്റ് യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് വിജയിച്ചു. ബെക്‌സ്ഹില്‍ സ്‌ട്രൈക്കേഴ്‌സ് റണ്ണറപ്പായി. ചെമ്‌സ്‌ഫോഡ് ടസ്‌കേഴ്‌സ് സെക്കന്റ് റണ്ണറപ്പായി. യുകെയില്‍ നിരവധി ക്രിക്കറ്റ് മത്സരങ്ങള്‍ പ്രാദേശികമായി മലയാളികള്‍ ഉള്‍പ്പെടുന്ന വിവിധ സംഘടനകള്‍ നടത്തുന്നുവെങ്കിലും നാടിന്റെ പേരില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റ് ആയിരുന്നു ലണ്ടനിലേതെന്ന് സംഘാടകര്‍ പറഞ്ഞു.
മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെ പേരിലാണ് ഫൈനല്‍ വിജയികള്‍ക്ക് ട്രോഫി നല്‍കിയത്. മത്സര ശേഷം ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. ഐഒസി യുകെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ ഡാനിയേല്‍, ജനറല്‍ സെക്രട്ടറി അജിത് വെണ്മണി, സഹൃദയ സെക്രട്ടറി ബിബിന്‍ എബ്രഹാം, ഐഒസി കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി മെബിന്‍ ബേബി, ടൂര്‍ണ്ണമെന്റ് സംഘാടകരായ ആകാശ് ലാല്‍, എവിന്‍ അവിരച്ചന്‍, ജോസ്‌മോന്‍, നെബു പൗലോസ്, നിധിന്‍ ഇടയാര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യു ലീഫ് കെയര്‍, ഐഒസി യുകെ കേരള ചാപ്റ്റര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ ട്രോഫി, ലൈഫ് ലൈന്‍ പ്രൊട്ടക്ട് മോര്‍ഗേജ് ആന്‍ഡ് ഇന്‍ഷുറന്‍സ് സര്‍വീസസ്, എ വണ്‍ ഫര്‍ണിച്ചര്‍, കെയര്‍ ക്രൂ എന്നിവ സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിജയികള്‍ക്ക് സ്റ്റീഫിന്‍ പീറ്റര്‍, രാജു പിറവം എന്നിവര്‍ സമ്മാനിച്ചു.