നാട്ടുവാര്‍ത്തകള്‍

ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല: കന്യാസ്ത്രീകള്‍ ജയിലില്‍ തന്നെ

മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല. ബുധനാഴ്ച ജാമ്യംതേടി ദുര്‍ഗിലെ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിലപാട്. വിഷയത്തില്‍ ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്‌റങ്ദള്‍ പ്രവര്‍ത്തകരുടെ വന്‍ ആഘോഷപ്രകടനം അരങ്ങേറി.ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ മുതല്‍ തന്നെ ജ്യോതിശര്‍മ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു.

കന്യാസ്ത്രീകള്‍ക്ക് ജാമ്യംനല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യവും മുഴക്കി. തുടര്‍ന്ന് കേസ് പരിഗണിച്ചതിന് പിന്നാലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയില്ലെന്ന് ബജ്‌റങ്ദളിന്റെ അഭിഭാഷകര്‍ പുറത്തെത്തി അറിയിച്ചു. ഇതോടെയാണ് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ കരഘോഷം മുഴക്കി മുദ്രാവാക്യം വിളികളുമായി ആഘോഷങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

ജാമ്യം നല്‍കാതെ കാര്യങ്ങള്‍ ഇത്രയും നീട്ടിക്കൊണ്ട് പോകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും കന്യാസ്ത്രീമാര്‍ നിരപരാധികളാണെന്നും സിബിസിഐ പ്രതികരിച്ചു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെയാണ് സിബിസിഐയുടെ പ്രതികരണം.

സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും സിസ്റ്റര്‍ വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചായിരുന്നു കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍.

നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍. റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.

കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ആരോപണം.

അറസ്റ്റിലായ കന്യാസ്ത്രീകളെ കണ്ട് കേരളത്തിലെ എംപിമാര്‍ സംസാരിച്ചു. പ്രതിപക്ഷ എംപിമാര്‍ക്ക് ആദ്യം അനുമതി നിഷേധിച്ചിരുന്നു. ദുര്‍ഗ് ജയിലിന് മുന്നില്‍ എംപിമാര്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് കാണാന്‍ അനുമതി നല്‍കിയത്.തങ്ങള്‍ക്കെതിരായ ആക്ഷേപങ്ങള്‍ തെറ്റാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞതായി എംപിമാര്‍ സന്ദര്‍ശനശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കന്യാസ്ത്രീകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും എംപിമാര്‍ പറഞ്ഞു.

ആള്‍ക്കൂട്ട വിചാരണയാണ് റെയില്‍വേസ്റ്റേഷനില്‍ നടന്നത്. ഇരുവരോടും സിസ്റ്റേഴ്‌സ് വിലക്കുവാങ്ങിയതാണെന്ന് പറയാന്‍ പറഞ്ഞു. മൂങ്ങയെപ്പോലെ വായ മൂടിയിരിക്കണം എന്ന് സംഘം നിര്‍ദേശിച്ചു. സ്ഥലം പറയാന്‍ സാധിക്കാതെ വന്നതോടെയാണ് മൊഴി മാറി പറഞ്ഞതായി വ്യാഖ്യാനിച്ചതെന്നും പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

  • വാല്‍പ്പാറ ദുരന്തം: അധ്യാപകര്‍ക്ക് കണ്ണീരോടെ വിട; സ്കൂളില്‍ പൊതുദര്‍ശനം
  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  • 'ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല'; പി സി ജോര്‍ജിന് ദീപികയുടെ മറുപടി
  • വിനോദ യാത്രയ്ക്കിടെ ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മുതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions