കാനഡയില്‍ ചെറുവിമാനം തകര്‍ന്നുവീണ് വീണ്ടുമൊരു മലയാളി യുവാവിന് ദാരുണാന്ത്യം
ഒട്ടാവ: കാനഡയില്‍ ചെറുവിമാനം അപകടത്തില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. മലയാളിയായ ഗൗതം സന്തോഷ് (27) ആണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കോണ്‍സുലേറ്റ് ജനറല്‍ എക്സില്‍ കുറിച്ചു. കേരള മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ടാണ് കോണ്‍സുലേറ്റിന്റെ എക്സ് പോസ്റ്റ്.
രണ്ടുപേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ശനിയാഴ്ച വൈകീട്ട് ന്യൂഫൗണ്ട്ലാന്റിലെ ഡീര്‍ ലേകിന് സമീപമാണ് ചെറുവിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.
അടുത്തിടെ കാനഡയില്‍ പരിശീലനത്തിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് ശ്രീഹരി സുകേഷ് (23) എന്ന മലയാളി യുവാവും മരണമടഞ്ഞിരുന്നു. ജൂലൈ 8ന് കാനഡയിലെ മാനിടോബയില്‍ സ്റ്റെന്‍ബാക് സൗത്ത് എയര്‍പോര്‍ട്ടിനടുത്ത് ആയിരുന്നു അപകടം. പരിശീലന പറക്കലിനിടെ സഹപാഠി സാവന്ന മേയ് റോയ്‌സിന്റെയും ശ്രീഹരിയുടെയും വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിക്കുകയായിരുന്നു. തീപിടിച്ച വിമാനങ്ങള്‍ എയര്‍ സ്ട്രിപ്പിനുപുറത്ത് വയലില്‍ തകര്‍ന്നുവീണു. ഹാര്‍വ്‌സ് എയര്‍ പൈലറ്റ് ട്രെയ്‌നിങ് സ്‌കൂള്‍ വിദ്യാര്‍ഥികളായ ഇരുവരും വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു ദുരന്തം.
സ്വകാര്യ പൈലറ്റ് ലൈസന്‍സ് നേടിയ ശ്രീഹരി കൊമേഴ്‌സ്യല്‍ ലൈസന്‍സിനുള്ള പരിശീലനത്തിലായിരുന്നു. ഇതിനിടെയാണ് ദുരന്തമുണ്ടായത്. സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ സുകേഷിന്റെയും യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ്. സഹോദരി: സംയുക്ത.