ദുബായ് മുതല്‍ ലണ്ടന്‍ വരെ ഒരു മാസം കൊണ്ട് റോഡ് മാര്‍ഗം എത്തി അഞ്ചംഗ മലയാളി സംഘം. മലയാളീസ് എന്ന പേരിട്ട വാഹനത്തില്‍ സഞ്ചരിച്ച് പതിനൊന്ന് രാജ്യങ്ങളിലൂടെ കടന്ന് ലണ്ടനില്‍ എത്തിയ സംഘത്തിന് ലണ്ടന്‍ മലയാളികള്‍ സ്‌നേഹോഷ്മള വരവേല്‍പ്പ് നല്‍കി. ബ്രിട്ടന്‍ മലബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ലണ്ടന്‍ ഈസ്റ്റ് ഹാമിലെ റെസ്റ്റോറന്റിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. ദുബായ്, ഇറാന്‍, തുര്‍ക്കി, ബള്‍ഗേരിയ, റോമേനിയ, ഹങ്കറി, സ്ലോവാക്കിയ, ഓസ്ട്രിയ, സ്വിറ്റ്സ്വര്‍ലാന്‍ഡ്, ഫ്രാന്‍സ് എന്നി രാജ്യങ്ങള്‍ പിന്നിട്ടാണ് ഷിബിലി, ഷാഹിദ് മാണിക്കൊത്ത്, യൂനസ് ഗസല്‍, ആബിദ് ഫ്‌ലൈവീല്‍, മുഫീദ് എന്നിവര്‍ ലണ്ടനില്‍ എത്തിയത്. പാലക്കാട്, മലപ്പുറം, വയനാട് സ്വദേശികളായ ഇവര്‍ സ്വന്തം വാഹനത്തില്‍ ഒരു മാസക്കാലം എടുത്താണ് ലണ്ടനില്‍ എത്തിയത്.
കോവിഡും മറ്റു പ്രശ്‌നങ്ങളും മൂലം മുടങ്ങിപ്പോയ യാത്ര തുടങ്ങിയപ്പോള്‍ ഉണ്ടായ ഇസ്രായേല്‍ -ഇറാന്‍ യുദ്ധം ആശങ്ക വര്‍ദ്ധിപ്പിച്ചെന്ന് യാത്രക്കാരില്‍ ഒരാളായി ഷാഹിദ് മാണിക്കൊത്ത് പറഞ്ഞു. എങ്കിലും യാത്രയെ സ്‌നേഹിക്കുന്നവരും വിവിധ കൂട്ടായ്മകളും വലിയ പിന്തുണ നല്‍കി എന്നവര്‍ പറഞ്ഞു. സ്‌കോഡ്‌ലാന്‍ഡ്, വെയില്‍സ് എന്നിവടങ്ങളിലേക്ക് നാളെ യാത്ര തിരിക്കും. ലണ്ടന്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും നിരവധി മലയാളികളായ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രികര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയത് വലിയ സന്തോഷവും മലയാളികളുടെ സ്‌നേഹവും ഐക്യവുമാണ് കാണിക്കുന്നതെന്ന് യാത്രികര്‍ പറഞ്ഞു.
ബ്രിട്ടന്‍ മലബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍, മുഹമ്മദ് ഷറഫ്, ജിന്ന മാനിക്കൊത്ത്, സാജിദ് പടന്നക്കാട്, കരീം പടന്നക്കാട്, റംഷി പടന്ന എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.