ജീവിതച്ചെലവും ഭക്ഷ്യചെലവും കുതിച്ചുയരുന്ന കാലത്തു സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരുടെ നടപടി ഏറെ നിര്‍ണായകമാണ്. വിലക്കയറ്റം നിലനില്‍ക്കുന്ന സമയത്തു ഉപഭോക്താക്കളെ വലുതായി പിഴിയാത്ത സൂപ്പര്‍മാര്‍ക്കറ്റ് ലിഡില്‍ ആണ്. ഈ മാസം, ഏറ്റവും വിലക്കുറവില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് എന്ന പദവിയാണ് ലിഡില്‍ നേടിയത് . കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഈ പദവിയില്‍ തുടരുകയായിരുന്ന ആല്‍ഡിയെ പിന്തള്ളിക്കൊണ്ടാണ് ലിഡില്‍ ഈ നേട്ടം കൈവരിച്ചത്. 76 അവശ്യ സാധനങ്ങള്‍ അടങ്ങിയ ഒരു കൂടയുടെ വില കണക്കാക്കി, ഉപഭോക്തൃ താത്പര്യ സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന സംഘടനയായ വിച്ച്? നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
യുകെയിലെ എട്ട് വലിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എല്ലാ മാസവും വിച്ച്? ഇത്തരത്തിലുള്ള പഠനം നടത്താറുണ്ട്. കഴിഞ്ഞ 20 മാസമായി, ഏറ്റവും വിലക്കുറവുള്ള സൂപ്പര്‍മാര്‍ക്കറ്റ് എന്ന സ്ഥാനം നിലനിര്‍ത്തിയിരുന്നത് ആല്‍ഡിയായിരുന്നു. ബേഡ്‌സ് ഐ പീസ്, ഹോവിസ് ബ്രഡ്, പാല്‍, വെണ്ണ തുടങ്ങിയ 76 ഓളം നിത്യോപയോഗ സാധനങ്ങളുടെ വില കണക്കാക്കിയായിരുന്നു പഠനം നടത്തിയിരുന്നത്. ഇത്തവണ, 76 നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ കൂടയ്ക്ക് ജര്‍മ്മന്‍ സൂപ്പര്‍മാര്‍ക്കറ്റ് ആയ ലിഡിലില്‍ വില 128.40 പൗണ്ട് ആയിരുന്നു.
ലിഡില്‍ പ്ലസ് ലോയല്‍റ്റി സ്‌കീമിലുള്ളവര്‍ക്ക് പിന്നെയും 40 പെന്‍സ് കുറച്ചു കിട്ടി. അതേസമയം, ആള്‍ഡിയില്‍ സമാനമായ കൂടയ്ക്ക് ലിഡിലിനേതിലും 85 പെന്‍സ് കൂടുതലായിരുന്നു. അതേസമയം, 192 സാധനങ്ങള്‍ അടങ്ങിയ വലിയ കൂടയുടെ വിലയില്‍, അസ്ഡയില്‍ ടെസ്‌കോയേക്കാള്‍ വിലക്കുറവ് അനുഭവപ്പെട്ടു. അസ്ഡയില്‍ ഈ കൂട 474.12 പൗണ്ടിന് ലഭ്യമായപ്പോള്‍, ടെസ്‌കോയില്‍ ക്ലബ്ബ് കാര്‍ഡ് ഉള്ളവര്‍ക്ക് ഇത് ലഭിച്ചത് 481.59 പൗണ്ടിനാണ്. ലിഡിലിനും ആള്‍ഡിക്കും പുറമെ അസ്ഡ, മോറിസണ്‍സ്, ഒക്കാഡോ, സെയ്ന്‍സ്ബറീസ്, ടെസ്‌കോ, വൈറ്റ് റോസ് തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകളിലെ വിലകളാണ് താരതമ്യ പഠനത്തിന് വിധേയമാക്കിയത്.
അതേസമയം, കഴിഞ്ഞ വര്‍ഷം 3600ല്‍ അധികം ജീവനക്കാരെ പിരിച്ചു വിട്ടതോടെ മോറിസണ്‍സ് ലാഭം രേഖപ്പെടുത്തി. 2023ല്‍ 8800ല്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ട മോറിസണ്‍സ് 2024 ഒക്ടോബര്‍ 27 ന് അവസാനിച്ച 12 മാസക്കാലയളവില്‍ ജീവനക്കാരുടെ എണ്ണം വീണ്ടും കുറച്ച് 1,04,819ല്‍ നിന്നും 1,01,144 ആക്കിയിരുന്നു. ഈയാഴ്ച പ്രസിദ്ധീകരിച്ച കമ്പനീസ് ഹൗസ് കണക്കുകളിലാണ് ഈ വിവരമുള്ളത്.
എന്നാല്‍, കമ്പനിയുടെ വരുമാനത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. 18.3 ബില്യണ്‍ പൗണ്ടില്‍ നിന്നും മൊത്ത വരുമാനം 17 ബില്യണ്‍ പൗണ്ടായി കുറഞ്ഞു. വിലക്കുറവില്‍ സാധനങ്ങള്‍ വില്‍ക്കുന്ന യൂറോപ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും വിപണിയില്‍ കനത്ത വെല്ലുവിളിയായിരുന്നു മോറിസണ്‍ നേരിട്ടത്. കഴിഞ്ഞ വര്‍ഷം മോറിസണ്‍സിനെ പിന്തള്ളി ലിഡില്‍ ബ്രിട്ടണിലെ അഞ്ചാമത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റ് ആയി മാറുകയും ചെയ്തു. അതിനു മുന്‍പ് തന്നെ ബ്രിട്ടനിലെ നാലാമത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റ് എന്ന സ്ഥാനം ആല്‍ഡിക്ക് മുന്നില്‍ അവര്‍ അടിയറ വച്ചിരുന്നു.