യു.കെ.വാര്‍ത്തകള്‍

50 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി; ചാന്‍സലര്‍ ജനങ്ങളുടെ സമ്പാദ്യത്തില്‍ കൈയിട്ട് വാരാന്‍ സാധ്യത

അടുത്ത ബജറ്റില്‍ കൂടുതല്‍ നികുതിവര്‍ദ്ധനവുകള്‍ വരുമെന്ന പ്രഖ്യാപനവും ജനങ്ങള്‍ക്ക് ഭീതി പകരുന്നതാണ്
കഴിഞ്ഞ ബജറ്റോടെ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് യുകെ സമ്പദ് വ്യവസ്ഥയയ്ക്കു ഷോക്ക് നല്‍കിയിരുന്നു. അതിന്റെ ആഘാതം ഇപ്പോഴും തുടരുകയാണ്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ചെലവുകള്‍ ഏറുകയും, നികുതിയുടെ രൂപത്തില്‍ പല ഭാഗത്ത് നിന്നും ബില്ലുകള്‍ വര്‍ദ്ധിക്കുകയും ചെയ്തത് ജന ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ് . ഇതിനിടയിലാണ് നികുതി പരിധികള്‍ മരവിപ്പിച്ച് നിര്‍ത്തി ജനങ്ങളെ കൂടുതല്‍ പിഴിയാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ജനങ്ങളുടെ സേവിംഗ്‌സില്‍ കൈയിട്ട് വാരാനും, കൂടുതല്‍ ജോലിക്കാരെ ഉയര്‍ന്ന ബാന്‍ഡുകളിലേക്ക് എത്തിച്ച് നികുതി വാങ്ങാനുമാണ് ചാന്‍സലറുടെ നീക്കം. നികുതി പരിധി മരവിപ്പിക്കുന്നതോടെ ജീവിതച്ചെലവ് പ്രതിസന്ധിയില്‍ ആശ്വാസമായി ലഭിക്കുന്ന ശമ്പളവര്‍ദ്ധന ഇവരെ യഥാര്‍ത്ഥത്തില്‍ ഉയര്‍ന്ന നികുതി ബാന്‍ഡിലെത്തിക്കുകയും, ഈ പണം പോകുകയും ചെയ്യുന്നതാണ് അവസ്ഥ.

പലിശ നിരക്കുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ സേവിംഗ്‌സിന്റെ പേരിലുള്ള പലിശയില്‍ 3.4 മില്ല്യണ്‍ ജനങ്ങള്‍ക്ക് നികുതി ബില്‍ കിട്ടുമെന്നാണ് റിപ്പോര്‍ട്ട്. നികുതി മരവിപ്പിച്ചുള്ള കളി ചാന്‍സലര്‍ നിയന്ത്രിക്കണമെന്നാണ് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥ തോതില്‍ വരുമാനം വര്‍ദ്ധിക്കാതെ ബില്ലുകള്‍ മാത്രം ഉയരുന്നതാണ് ഇതിന് ഇടയാക്കുന്നത്. പണം പിന്‍വലിക്കുന്നതില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന നികുതി രഹിത തുക നിലനിര്‍ത്തണമെന്ന് സമ്മര്‍ദവും കനക്കുന്നുണ്ട്. എന്നാല്‍ ഈ പരിധി താഴ്ത്തി കൂടുതല്‍ തുക ആളുകള്‍ സ്റ്റോക്കുകളിലും, ഷെയറുകളിലും നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കാനാണ് ചാന്‍സലറുടെ നീക്കം.

50 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നേരിടുമ്പോള്‍ നികുതികള്‍ കുത്തനെ കൂട്ടാതെ ചാന്‍സലര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലാതാകുമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് ഇക്കണോമിക് & സോഷ്യല്‍ റിസേര്‍ച്ച് മുന്നറിയിപ്പ് നല്‍കുന്നത്.

അടുത്ത ദശകത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്‍കം ടാക്‌സില്‍ 5 പെന്‍സിന് തുല്യമായ തുക കൂട്ടേണ്ടി വരുമെന്നാണ് ഈ ബുദ്ധികേന്ദ്രം വ്യക്തമാക്കുന്നത്. സ്വയം പ്രഖ്യാപിച്ച സാമ്പത്തിക നയങ്ങള്‍ പാലിക്കാന്‍ ഇത് വേണ്ടിവരും. കഴിഞ്ഞ വര്‍ഷം കേവലം 9.9 ബില്ല്യണ്‍ പൗണ്ടിന്റെ പ്രഖ്യാപനങ്ങള്‍ക്കാണ് അവസരം ലഭിച്ചതെങ്കില്‍, ഇക്കുറി അതിന് പോലുമുള്ള സാഹചര്യമില്ലെന്നതാണ് സ്ഥിതി.

41.2 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് കമ്മിയാണ് രാജ്യം നേരിടുന്നത്. ഈ വിടവ് നികത്താന്‍ വാര്‍ഷിക നിരക്കില്‍ 51 ബില്ല്യണ്‍ പൗണ്ട് കണ്ടെത്തുകയോ, 2029/30-നകം ചെലവ് കുറയ്ക്കുകയോ ചെയ്യേണ്ടി വരും. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ 40 ബില്ല്യണ്‍ പൗണ്ട് മൂല്യമുള്ള നികുതികളാണ് റീവ്‌സ് പ്രഖ്യാപിച്ചത്.

ഇനിയൊരിക്കലും ഇത്തരം നികുതി വര്‍ദ്ധന ഉണ്ടാകില്ലെന്ന് റീവ്‌സ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഈ വാക്ക് പാലിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കാണ് ലേബര്‍ ഗവണ്‍മെന്റ് രാജ്യത്തെ കൊണ്ടെത്തിച്ചത്.
ലേബറിന്റെ സാമ്പത്തിക കെടുകാര്യസ്ഥത രാജ്യത്തിന്റെ ഖജനാവില്‍ ദ്വാരം സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് ചൂണ്ടിക്കാണിച്ചു.

  • യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 50,000 പുതിയ അപ്രന്റീസ്ഷിപ്പുകള്‍ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
  • ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കും
  • മതിയായ രേഖകളില്ലാതെ ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാരടക്കം 171 പേര്‍ അറസ്റ്റില്‍; നാടുകടത്തും
  • യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങും
  • മലയാളി നഴ്സിന് യുകെയിലെ റോയല്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗ് 'റൈസിംഗ് സ്റ്റാര്‍' പുരസ്കാരം
  • അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ
  • ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ സ്ഥലമായി സ്‌കിപ്‌ടണ്‍; റിച്ച്മണ്ട് അപോണ്‍ തേംസും കാംഡനും പിന്നാലെ
  • യുകെയില്‍ ശരാശരി വീട് വില മൂന്ന് ലക്ഷം പൗണ്ടിലേക്ക്; ഫിക്‌സഡ് റേറ്റ് പലിശ അഞ്ച് ശതമാനത്തില്‍ താഴെ
  • കുട്ടികളടക്കം 38 രോഗികളെ ലൈംഗികമായി പീഡിപ്പിച്ചു; ബര്‍മിംഗ്ഹാമിലെ ഡോക്ടറുടെ പ്രവൃത്തി ഞെട്ടിക്കുന്നത്
  • ലെസ്റ്റര്‍ഷയറില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി; പൊലീസ് തെരച്ചിലില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions