യുകെയില്‍ ഓണ്‍ലൈന്‍ സുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കാനൊരുങ്ങുകയാണ്. കുട്ടികളെ നിയമ വിരുദ്ധമായ ഉള്ളടക്കത്തില്‍ നിന്ന് രക്ഷിക്കാനാണ് നിയമം കൊണ്ടുവരുന്നത്. ഫേസ്ബുക്ക്, യൂട്യൂബ്, ടിക് ടോക് എക്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിലും പോണ്‍ വെബ് സൈറ്റുകളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരും.
എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടിയെന്ന വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക് രംഗത്തുവന്നു. എക്‌സില്‍ കുറിച്ച പോസ്റ്റില്‍ നിയമത്തില്‍ മാറ്റം വേണമെന്ന് ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരും അഭിപ്രായ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരും കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ ചിലരും ഈ നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. നിയമം നിയമപരമായ ഉള്ളടക്കങ്ങളുടെ സെന്‍സര്‍ഷിപ്പിന് വഴിവെക്കുമെന്ന് വിമര്‍ശകര്‍ പറയുന്നു. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 4.68 ലക്ഷം പേര്‍ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
നിയമം പാലിച്ച് എക്‌സില്‍ പ്രായപരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ സേഫ്റ്റിയുടെ പേരില്‍ സെന്‍സര്‍ഷിപ്പ് വര്‍ധിപ്പിക്കാനുള്ള തീരുമാനമാണ് ജനപ്രതിനിധികള്‍ എടുത്തതെന്ന് എക്‌സ് പ്രസ്താവനയില്‍ പറഞ്ഞു. കര്‍ശന നിബന്ധനകള്‍ നടപ്പിലാക്കാനുള്ള സമയ പരിധി കുറവായിരുന്നുവെന്ന് എക്‌സ് പറയുന്നു. സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ സംരക്ഷണത്തിനും സന്തുലിതമായ സമീപനമാണ് ഏക വഴിയെന്ന് എക്‌സ് പറയുന്നു. യുകെയില്‍ ഈ ലക്ഷ്യങ്ങള്‍ നേടാന്‍ വലിയ മാറ്റങ്ങള്‍ വേണമെന്നാണ് എക്‌സ് പറയുന്നത്.
എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടുന്നതാണ് ഓണ്‍ലൈന്‍ സുരക്ഷാ നിയമമെന്ന് യുകെ സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.