യുകെയിലെ വിമാനത്താവളങ്ങളില്‍ സമീപകാലത്തു സാങ്കേതിക തകരാര്‍ വലിയ ദുരിതമാണ് യാത്രക്കാര്‍ക്ക് സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസം ഹീത്രുവില്‍ മണിക്കൂറുകള്‍ സേവനം മുടങ്ങി. ഒഴിവുകാല യാത്രകള്‍ക്കായി ഇറങ്ങിയവരെ ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയും ഹീത്രൂ വിമാനത്താവളത്തിലെ യാത്രാ ദുരിതം ബാധിച്ചു.
വിമാനത്താവളത്തിലെ ടണലുകളിലൊന്ന് അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്നാണ് ഇന്നലെ യാത്രക്കാര്‍ ദുരിതത്തിലായത്. ചില സാങ്കേതിക പിഴവുകളെ തുടര്‍ന്ന് ടെര്‍മിനല്‍ 2 ഉം 3 ഉം തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ടണലുകളില്‍ ഒന്ന് അടച്ചിടേണ്ടി വന്നതിനാല്‍ ഇന്നലെ രാവിലെ യാത്രക്കാര്‍ക്ക് വലിയ കാലതാമസം അഭിമുഖീകരിക്കേണ്ടതായി വന്നു.
ഈ ടണല്‍ അടച്ചിട്ടതോടെ വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും യാത്രകള്‍ തടസപ്പെട്ടു. പല യാത്രക്കാരും, വിമാനം നഷ്ടപ്പെടാതിരിക്കാനായി ലഗേജുകളും തൂക്കി ഓടുന്നത് കാണാമായിരുന്നു. മറ്റുചിലരാകട്ടെ തങ്ങളുടെ വിധിയെ പഴിക്കുകയായിരുന്നു. 'ഭൂമിയിലെ നരകത്തില്‍ പെട്ട പ്രതീതി'യാണെന്നായിരുന്നു ഒരു യാത്രക്കാരന്‍ പ്രതികരിച്ചത്. ഏതായാലും, ഇപ്പോള്‍ ആ സാങ്കേതിക പ്രശ്നം പരിഹരിച്ചതായി ഹീത്രൂ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ടണല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. എങ്കിലും ദുരിതം മാറാന്‍ സമയമെടുക്കും.