ഇംഗ്ലണ്ടില്‍ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതിന് വേണ്ടിവരുന്ന ചെലവ് കുതിയ്ക്കുന്നതിനിടെ സ്‌കൂള്‍ യൂണിഫോമിന്റെ വിലയും. ഇത് രാജ്യത്തെ കുറഞ്ഞ വരുമാനമുള്ള ഭൂരിപക്ഷം കുടുംബങ്ങളെയും സാരമായി ബാധിക്കുന്ന വിഷയവുമായിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മാതാപിതാക്കളെ സഹായിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ഇംഗ്ലണ്ടിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സ്‌കൂള്‍ യൂണിഫോമിനായി ഗ്രാന്റ് അനുവദിക്കണമെന്നാണ് യുകെയിലെ ഡെബ്റ്റ് അഡൈ്വസറായ മണി വെല്‍നെസ് ആവശ്യപ്പെടുന്നത്. സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ സ്‌കൂള്‍ വസ്ത്രങ്ങള്‍ക്കായി 93 പൗണ്ട് മുതല്‍ 200 പൗണ്ട് വരെ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.
എന്നാല്‍ ഇംഗ്ലണ്ടിലെ 20 ശതമാനം കൗണ്‍സിലുകള്‍ മാത്രമാണ് ഈ വിധത്തില്‍ എന്തെങ്കിലും പിന്തുണ നല്‍കുന്നതെന്ന് മണി വെല്‍നെസ് കണ്ടെത്തി. ഇത് മുന്‍നിര്‍ത്തി സ്‌കൂള്‍ ക്ലോത്തിംഗ് ഗ്രാന്റ് നിര്‍ബന്ധമാക്കണമെന്നാണ് യുകെ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നത്.
സ്‌കൂളുകളില്‍ ബ്രാന്റഡ് ഐറ്റങ്ങള്‍ക്ക് പരിധി നിശ്ചയിക്കാന്‍ നിയമമാറ്റം വരുത്തുന്നതായി എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. ഇതുവഴി 50 പൗണ്ട് ലാഭം കിട്ടുമെന്നാണ് ഗവണ്‍മെന്റ് ചൂണ്ടിക്കാണിക്കുന്നത്.
എന്നിരുന്നാലും, പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്ക് ഒരു സ്കൂള്‍ യൂണിഫോമിന്റെ ശരാശരി വില 340 പൗണ്ടില്‍ കൂടുതലും സെക്കന്‍ഡറി വിദ്യാഭ്യാസത്തിലുള്ളവര്‍ക്ക് ഏകദേശം 454 പൗണ്ടും ആണ്. താഴ്ന്ന വരുമാനമുള്ള പല കുടുംബങ്ങള്‍ക്കും ശരിയായ പിന്തുണയില്ലാതെ യൂണിഫോമുകള്‍ താങ്ങാനാവുന്നതല്ല എന്ന് മണി വെല്‍നസിലെ പോളിസി ആന്‍ഡ് പബ്ലിക് അഫയേഴ്‌സ് ഓഫീസര്‍ ആദം റോള്‍ഫ് പറഞ്ഞു.