ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലെവി. വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും എന്നതിനാല്‍ അവരുടെ വരവ് കുറയും. സര്‍വ്വകലാശാലകള്‍ക്ക് കടുത്ത ബാധ്യതയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതുമൂലം സര്‍വകലാശാലകള്‍ക്ക് 600 മില്യണ്‍ പൗണ്ട് ആണ് അധികമായി ചിലവാകുന്നത്. വിദേശ വിദ്യാര്‍ഥികള്‍ നല്‍കുന്ന ട്യൂഷന്‍ ഫീയുടെ ആറു ശതമാനം ആണ് ലെവിയായി ഈടാക്കുന്നത്.
ഹയര്‍ എഡ്യൂക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (ഹെപ്പി) സമാഹരിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍, യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ (യുസിഎല്‍), മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി തുടങ്ങിയ മുന്‍നിര സര്‍വകലാശാലകളെ ലെവി കാര്യമായി ബാധിക്കും.
ലെവിയുടെ ചിലവ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറാന്‍ യൂണിവേഴ്സിറ്റികള്‍ തീരുമാനിച്ചാല്‍ ട്യൂഷന്‍ ഫീ കുത്തനെ കുതിച്ചുയരും. നിലവില്‍ സര്‍ക്കാര്‍ പുതിയതായി നടപ്പിലാക്കിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ മൂലം യൂണിവേഴ്സിറ്റികളിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്. ഫീസ് കുത്തനെ കുതിച്ചുയരുന്ന സാഹചര്യം നിലവില്‍ വന്നാല്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ വലിയ കുറവ് ഉണ്ടാകും. ഇത് സര്‍വകലാശാലകളെ സാമ്പത്തികമായി കടുത്ത പ്രതിരോധത്തിലാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
വിദേശ വിദ്യാര്‍ത്ഥികളുടെ ലെവി സര്‍വകലാശാലകളില്‍ കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് ഹെപ്പിയുടെ ഡയറക്ടര്‍ നിക്ക് ഹില്‍മാന്‍ പറഞ്ഞു. ആഗോളതലത്തില്‍ മറ്റ് സര്‍വകലാശാലകളുമായി മത്സരക്ഷമത നിലനിര്‍ത്തുന്നതിനുള്ള അവരുടെ പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റി, ആര്‍ട്സ് യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്‍ എന്നിവയുള്‍പ്പെടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ഫണ്ട് സ്വരൂപിക്കുന്ന സര്‍വകലാശാലകളെയും ലെവി ബാധിക്കും. സര്‍വ്വകലാശാലകളില്‍ നിന്ന് ലെവിയിലൂടെ സമാഹരിക്കുന്ന ഫണ്ടിന്റെ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി ചിലവഴിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലെവി ഏര്‍പ്പെടുത്തുന്നത് തുടക്കത്തില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 14 ,000 കുറവ് വരുമെന്നാണ് ഹോം ഓഫീസ് കണക്കാക്കുന്നത്.