പുടിനുമായി കൂടിക്കാഴ്ചയ്ക്കു തയാറെന്ന് ട്രംപിനെ കണ്ട ശേഷം സെലെന്‍സ്‌കിയുടെ പ്രഖ്യാപനം; സമാധാന കരാറില്‍ ഒപ്പുവെച്ചാല്‍ സംരക്ഷണമെന്ന് ട്രംപ്
യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്കു തയാറെന്ന് പ്രസിഡന്റ് വ്‌ളാദിമര്‍ സെലെന്‍സ്‌കിയുടെ പ്രഖ്യാപനം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് സെലെന്‍സ്‌കി ഇക്കാര്യം പ്രഖ്യാപിച്ചത്. ഓവല്‍ ഓഫീസില്‍ ഡൊണാള്‍ഡ് ട്രംപുമായി യൂറോപ്യന്‍ നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലെന്‍സ്‌കിയുടെ പ്രഖ്യാപനം വന്നത് .
മുന്‍പ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച ഉടക്കി പിരിഞ്ഞിരുന്നു. എന്നാല്‍ ഇക്കുറി പരസ്പരം പുകഴ്ത്തുന്ന തരത്തിലാണ് സെലെന്‍സ്‌കിയും, ട്രംപും സംസാരിച്ചത്. അലാസ്‌കയില്‍ വ്‌ളാദിമര്‍ പുടിനുമായി കണ്ട ശേഷമാണ് ട്രംപ് യോഗത്തിനെത്തിയത്.
സമാധാന കരാര്‍ ഒപ്പുവെച്ചാല്‍ യുക്രൈന് സൈനിക സുരക്ഷ ലഭ്യമാക്കുന്നതെന്ന് ട്രംപ് അറിയിച്ചു. 'ഞങ്ങള്‍ അവര്‍ക്ക് മികച്ച സുരക്ഷ ഉറപ്പാക്കും. സുരക്ഷയുടെ കാര്യത്തില്‍ ഒരുപാട് സഹായങ്ങള്‍ ചെയ്യാന്‍ കഴിയും, അത് മികച്ചതാകും', ട്രംപ് വ്യക്തമാക്കി.
അതേസമയം അമേരിക്കന്‍ സൈന്യം നേരിട്ട് യുദ്ധത്തിന് ഇറങ്ങുമോയെന്ന ചോദ്യങ്ങളില്‍ നിന്നും ട്രംപ് ഒഴിഞ്ഞുമാറി. സെലെന്‍സ്‌കിയ്ക്ക് പിന്തുണയുമായി ഇക്കുറി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെടെ യൂറോപ്യന്‍ നേതാക്കള്‍ എത്തിയിരുന്നു.
താന്‍ ആറ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന അവകാശവാദം യുഎസ് പ്രസിഡന്റ് ആവര്‍ത്തിച്ചു. ഈ യുദ്ധം അവസാനിപ്പിക്കുന്നത് എളുപ്പമായിരിക്കുമെന്നാണ് കരുതിയതെങ്കിലും ഇത് കടുപ്പമായി പോയെന്നാണ് ട്രംപിന്റെ പ്രതികരണം. യോഗത്തിലെ വിവരങ്ങള്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ച ചെയ്യുമെന്ന് ട്രംപ് അറിയിച്ചു.
യുക്രൈന് നാറ്റോയില്‍ പ്രവേശനം നല്‍കാതെയുള്ള സംരക്ഷണമാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. സെലന്‍സ്‌കിയോട് ക്രിമിയന്‍ ഉപദ്വീപ് ഉപേക്ഷിക്കണമെന്നും ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഡോണെട്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നിവിടങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണമാണ് വ്‌ളാദിമര്‍ പുടിന്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ കൈവശം വെയ്ക്കുന്ന മേഖലകളാണ് ഇത്. യുദ്ധം അവസാനിപ്പിക്കാനുള്ള നിബന്ധനയായാണ് പുടിന്‍ ഈ ആവശ്യം ഉന്നയിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ക്രഡിറ്റ് ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങള്‍ റഷ്യയ്ക്ക് അനുകൂലമാണ്. യുക്രൈന്റെ നാറ്റോ അംഗത്വം അടഞ്ഞ അധ്യായമായി മാറുമെന്ന് ബോധ്യപ്പെട്ടാല്‍ പുടിന്‍ ചെറിയ വിട്ടുവീഴ്ചയ്ക്ക് തയാറാകുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.
ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക ഉച്ചകോടി കഴിഞ്ഞപ്പോള്‍ സമാധാനത്തിനു ചെറിയ പ്രതീക്ഷ രൂപപ്പെട്ടിരുന്നു. അടച്ചിട്ടമുറിയില്‍ മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇരു നേതാക്കന്‍മാരുടെയും വാര്‍ത്താ സമ്മേളനം.
യുക്രൈന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ദീര്‍ഘകാലത്തേക്കുള്ള സമാധാനം ഉണ്ടാവണമെങ്കില്‍ ഈ സംഘര്‍ഷളുടെ മൂലകാരണങ്ങള്‍ ഇല്ലാതാവണം. യുക്രൈന്‍ തങ്ങളുടെ സഹോദര രാജ്യമാണ്. യുക്രൈന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന കാര്യത്തില്‍ താന്‍ പ്രസിഡന്റ് ട്രംപിനോട് യോജിക്കുന്നു. ഇന്ന് തങ്ങള്‍ എത്തിച്ചേര്‍ന്ന ധാരണകള്‍ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള പാത തുറക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും പുടിന്‍ പറഞ്ഞിരുന്നു. യുക്രൈനെ നാറ്റോയില്‍ ചേര്‍ക്കാതെ ഒരു ബഫര്‍സോണായി നിലനിര്‍ത്തുകയാണ് പുടിന്റെ ലക്ഷ്യമെന്നാണ് സൂചന.