ജൂലൈ മാസത്തില്‍ യുകെയുടെ പണപ്പെരുപ്പ നിരക്ക് 3.8 ശതമാനത്തിലേക്ക് ഉയര്‍ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്. വിമാനയാത്രാ നിരക്ക് സ്‌കൂള്‍ സമ്മര്‍ ഹോളിഡേയില്‍ കുതിച്ചുയര്‍ന്നതാണ് പണപ്പെരുപ്പം വര്‍ദ്ധിക്കാന്‍ പ്രധാന കാരണം. ജൂണ്‍, ജൂലൈ മാസങ്ങളില്‍ 17.1% നിരക്ക് വര്‍ദ്ധന ഉണ്ടായെന്നാണ് കണക്കാക്കുന്നത്.
ജൂലൈ വരെയുള്ള 12 മാസങ്ങളില്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 3.8 ശതമാനത്തില്‍ എത്തിയെന്നാണ് ഒഎന്‍എസ് വ്യക്തമാക്കുന്നത്. ജൂണ്‍ മാസത്തില്‍ 3.6 ശതമാനത്തിലായിരുന്നു നിരക്കുകള്‍.
പെട്രോള്‍, ഡീസല്‍ വിലയും ഈ മാസം വര്‍ദ്ധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ദ്ധിക്കുകയാണ്. ഈ വര്‍ഷം പണപ്പെരുപ്പം വീണ്ടും ഉയരുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനം. സെപ്റ്റംബറില്‍ 4 ശതമാനത്തില്‍ എത്തിയ ശേഷം നിരക്ക് താഴുമെന്നാണ് കരുതുന്നത്.
2023 ഡിസംബറിന് ശേഷം ആദ്യമായി ഏറ്റവും ഉയര്‍ന്ന നിലയിലാണ് പണപ്പെരുപ്പമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് രേഖപ്പെടുത്തി. ഉയര്‍ന്ന നിരക്കിലേക്ക് പണപ്പെരുപ്പം എത്തിയതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കേണ്ടി വരുമെന്ന് ഉറപ്പായി. പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നതിനും, ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ക്കും ചെലവേറിയതും വിലക്കയറ്റത്തെ നയിക്കുന്നതായി ഒഎന്‍എസ് വ്യക്തമാക്കി.
2001 ജൂലൈ മുതല്‍ കാണാത്ത തോതിലാണ് വിമാന നിരക്കുകള്‍ ഈ ജൂലൈയില്‍ ഉയര്‍ന്നതെന്ന് ഒഎന്‍എസ് ചൂണ്ടിക്കാണിച്ചു. ഭക്ഷ്യ ഉത്പന്നങ്ങളുടെയും, പാനീയങ്ങളുടെയും വിലയും വര്‍ദ്ധന തുടരുകയാണ്. കോഫി, ഫ്രഷ് ഓറഞ്ച് ജ്യൂസ്, മാംസം, ചോക്ലേറ്റ് എന്നിവയിലാണ് ഏറ്റവും ഉയര്‍ന്ന വര്‍ദ്ധന.
ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ ചെയ്യേണ്ടിവരുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രതികരിച്ചു. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ഇരട്ട അക്കത്തിലെത്തിയ പണപ്പെരുപ്പത്തില്‍ നിന്നും ഏറെ അകലെയെത്തിയെന്നും അവര്‍ അവകാശപ്പെട്ടു. അതേസമയം മുന്‍ ഗവണ്‍മെന്റിന്റെ ഭരണകാലത്ത് തന്നെ ഈ നിലയില്‍ നിന്നും സാധാരണ നിലയിലേക്ക് പണപ്പെരുപ്പം എത്തിയിരുന്നു. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ശേഷം റീവ്‌സ് നടത്തിയ ബജറ്റ് പണപ്പെരുപ്പത്തിന് സഹായകമായെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു.