തിരുവനന്തപുരം: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2021-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിപിഐ നേതാവ് വാഴൂന്‍ സോമര്‍ നിയമസഭയിലേക്ക് എത്തിയത്.
കോട്ടയത്തെ വാഴൂരില്‍ കുഞ്ഞുപാപ്പന്റെയും പാര്‍വതിയുടെയും മകനായി 1952 സെപ്റ്റംബര്‍ 14-നാണ് വാഴൂര്‍ സോമന്റെ ജനനം. എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷന്‍, സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ അധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
നാല് പതിറ്റാണ്ടിലേറെ പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു. ഭാര്യ: ബിന്ദു സോമന്‍. മക്കള്‍: സോബിന്‍, സോബിത്ത്. എംഎന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം ഇടുക്കിയിലേക്ക് കൊണ്ടുപോകും.