യുകെയില്‍ കുടുംബങ്ങളുടെ ബജറ്റ് താളം തെറ്റിച്ചു ഭക്ഷ്യവിലക്കയറ്റം തുടരുന്നു. ഈ മാസം 4.2% വര്‍ധനയാണ് ഉണ്ടായത്. മുട്ടയും, വെണ്ണയും ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റമാണ് ഭക്ഷ്യവിലയില്‍ വലിയ വര്‍ധനവിലേക്ക് നയിക്കുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാക്കുന്ന അവസ്ഥയിലേക്കാണ് ഭക്ഷ്യവിലക്കയറ്റവും സംഭാവന ചെയ്യുന്നത്.
18 മാസത്തിനിടെ കാണാത്ത വേഗത്തിലാണ് വില ഉയരുന്നതെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം പറഞ്ഞു. കഴിഞ്ഞ മാസം ഭക്ഷ്യവിലക്കയറ്റം 4.2 ശതമാനത്തിലാണ്. ജൂലൈയിലെ 4 ശതമാനത്തില്‍ നിന്നുമാണ് കുതിച്ചുചാട്ടം. 2024 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ജീവിതച്ചെലവ് പ്രതിസന്ധിയില്‍ ഉഴലുന്ന ജനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നതാണ് നിലവിലെ സ്ഥിതിയെന്ന് ബിആര്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഹെലെന്‍ ഡിക്കിന്‍സണ്‍ പറഞ്ഞു. മുട്ട, വെണ്ണ പോലുള്ളയ്ക്ക് ഡിമാന്‍ഡ് ഉയര്‍ന്നതോടെ വിലയും ഉയര്‍ന്നു. ഒപ്പം സപ്ലൈ മോശമാകുകയും, ലേബര്‍ ചെലവുകള്‍ വര്‍ദ്ധിച്ചതും വിനയായി.
ഇതിന് പുറമെ ഷോപ്പുകളിലെ വിലക്കയറ്റം ആഗസ്റ്റില്‍ 0.9% വര്‍ദ്ധിച്ചതായി ബിആര്‍സി പറഞ്ഞു. ഭക്ഷ്യേതര സാധനങ്ങളുടെ വിലകള്‍ ഈ ഘട്ടത്തില്‍ 0.8% താഴുകയും ചെയ്തു. വില കുറച്ച് നിര്‍ത്താന്‍ ഷോപ്പുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് മൂലം മേഖലയ്ക്ക് 7 ബില്ല്യണ്‍ പൗണ്ടിന്റെ അധിക ചെലവാണ് നേരിടുന്നത്. നാഷണല്‍ ഇന്‍ഷുറന്‍സ് എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന് പുറമെ, മിനിമം വേജ് വര്‍ധനവും ചേര്‍ന്നാണ് ഈ ആഘാതം സൃഷ്ടിച്ചത്.
വിലക്കയറ്റം തുടരുന്നത് പലിശ നിരക്കിനെയും സ്വാധീനിക്കും. 2023 ഡിസംബറിന് ശേഷം ആദ്യമായി ഏറ്റവും ഉയര്‍ന്ന നിലയിലാണ് പണപ്പെരുപ്പമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് രേഖപ്പെടുത്തി. ഉയര്‍ന്ന നിരക്കിലേക്ക് പണപ്പെരുപ്പം എത്തിയതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കേണ്ടി വരുമെന്ന് ഉറപ്പായി. പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നതിനും, ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ക്കും ചെലവേറിയതും വിലക്കയറ്റത്തെ നയിക്കുന്നതായി ഒഎന്‍എസ് വ്യക്തമാക്കി.
2001 ജൂലൈ മുതല്‍ കാണാത്ത തോതിലാണ് വിമാന നിരക്കുകള്‍ ഈ ജൂലൈയില്‍ ഉയര്‍ന്നതെന്ന് ഒഎന്‍എസ് ചൂണ്ടിക്കാണിച്ചു. ഭക്ഷ്യ ഉത്പന്നങ്ങളുടെയും, പാനീയങ്ങളുടെയും വിലയും വര്‍ദ്ധന തുടരുകയാണ്. കോഫി, ഫ്രഷ് ഓറഞ്ച് ജ്യൂസ്, മാംസം, ചോക്ലേറ്റ് എന്നിവയിലാണ് ഏറ്റവും ഉയര്‍ന്ന വര്‍ദ്ധന.
ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ ചെയ്യേണ്ടിവരുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രതികരിച്ചു. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ഇരട്ട അക്കത്തിലെത്തിയ പണപ്പെരുപ്പത്തില്‍ നിന്നും ഏറെ അകലെയെത്തിയെന്നും അവര്‍ അവകാശപ്പെട്ടു. അതേസമയം മുന്‍ ഗവണ്‍മെന്റിന്റെ ഭരണകാലത്ത് തന്നെ ഈ നിലയില്‍ നിന്നും സാധാരണ നിലയിലേക്ക് പണപ്പെരുപ്പം എത്തിയിരുന്നു. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ശേഷം റീവ്‌സ് നടത്തിയ ബജറ്റ് പണപ്പെരുപ്പത്തിന് സഹായകമായെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു.