യു.കെ.വാര്‍ത്തകള്‍

സ്റ്റാമ്പ് ഡ്യൂട്ടി വിവാദത്തില്‍ എയ്ഞ്ചല റെയ്‌നര്‍ക്ക് കസേര പോയി; സ്റ്റാര്‍മര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി

തന്റെ പുതിയ കടല്‍ത്തീര വസതിക്ക് മതിയായ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കിയിട്ടില്ല എന്ന് സമ്മതിച്ചതോടെ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നര്‍ക്ക് സ്വന്തം കസേര നഷ്ടപ്പെട്ടു. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടത്തി എന്ന ആരോപണം തെളിഞ്ഞതോടെയാണ് റെയ്നര്‍ക്ക് അവരുടെ ഹൗസിംഗ് സെക്രട്ടറി പദവിയും ഉപപ്രധാനമന്ത്രി പദവിയും രാജിവയ്ക്കേണ്ടതായി വന്നത്. ഈ വിഷയം മന്ത്രിസഭയുടെ മൊത്തത്തിലുള്ള പ്രതിച്ഛായയെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു.

നികുതിയുമായി ബന്ധപ്പെട്ട് വിദഗ്ധാഭിപ്രായം തേടാത്തതിനാല്‍ സംഭവിച്ച പിഴവാണ് അതെന്നാണ് രാജിക്കത്തില്‍ റെയ്നര്‍ വിശദീകരിച്ചിരിക്കുന്നത്. ഈ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനു മേല്‍ അതിയായ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നും അവര്‍ രാജിക്കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ശരിയായ തീരുമാനം എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റെയ്നറുടെ രാജിയെ കുറിച്ച് പ്രതികരിച്ചത്.

റെയ്നറുടെ രാജിയ്ക്ക് ശേഷം മന്ത്രിസഭയില്‍ സ്റ്റാര്‍മര്‍ അടിമുടി അഴിച്ചുപണി നടത്തുകയായിരുന്നു. പ്രതിച്ഛായ തകര്‍ന്ന മന്ത്രിസഭയുടെ മുഖം മിനുക്കാനുള്ള തത്രപ്പാടില്‍ ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍ക്ക് സ്ഥാനം തെറിച്ചു. കുടിയേറ്റ വിരുദ്ധ സമരങ്ങള്‍ തുടര്‍ക്കഥയായ ഒരു വര്‍ഷം മന്ത്രിസഭയുടെ ജനപ്രീതി കുറയ്ക്കുന്നതില്‍ പ്രധാന പങ്കായിരുന്നു ഹോം ഡിപ്പാര്‍ട്ട്‌മെന്റ് വഹിച്ചത്. കുടിയേറ്റ നയം കാര്യക്ഷമമല്ലെന്നതിന്റെ ഒരു സൂചന കൂടിയാണ് ഈ സ്ഥാനം തെറിക്കല്‍. വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയ്ക്കും സ്ഥാനം തെറിച്ചു. അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. വിന്റര്‍ ഫ്യൂവല്‍ അലവന്‍സിന്റെ പേരിലുണ്ടായ വിവാദവും ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള വിഫല ശ്രമവും മന്ത്രിസഭയുടെ പ്രതിച്ഛായ തകര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച മറ്റൊരു കാരണമാണ്. അതുതന്നെയാണ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി ലിസ് കെന്‍ഡാള്‍ക്ക് സ്ഥാനം തെറിക്കാന്‍ ഇടയാക്കിയത്. ശാസ്ത്ര വകുപ്പിലേക്കാണ് അവര്‍ക്ക് സ്ഥാനമാറ്റം.

യുവറ്റ് കൂപ്പര്‍ക്ക് പകരമായി ഹോം ഡിപ്പാര്‍ട്ട്‌മെന്റിലെത്തുന്നത് പാക്കിസ്ഥാന്‍ വംശജയായ ഷബാജ മഹ്മൂദ് ആണ്. നീതിന്യായ വകുപ്പില്‍ പ്രശംസാര്‍ഹമായ വിധത്തില്‍ സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് അവര്‍ ഇപ്പോള്‍ ഹോം സെക്രട്ടറി പദത്തില്‍ എത്തുന്നത്. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് വകുപ്പില്‍ ലിസ് കെന്‍ഡലിന് പകരം എത്തുന്നത് ക്യാബിനറ്റ് ഓഫീസ് മന്ത്രിയായ പാറ്റ് മെക്ഫദെന്‍ ആയിരിക്കും. അതോടൊപ്പം എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്‌സണില്‍ നിന്നും മാറ്റിയ സ്‌കില്‍സിന്റെ ഉത്തരവാദിത്തവും മെക്ഫഡെനായിരിക്കും.

ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിമരുന്നിട്ട ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സിന് സ്ഥാനം പോയില്ല എന്നത് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. കള്‍ച്ചറല്‍ സെക്രട്ടറി ലിസ നന്ദിയും തത്സ്ഥാനത്ത് തുടരും. ബിസിനസ് സെക്രട്ടറിയായി പീറ്റര്‍ കേയ്ല്‍ എത്തുമ്പോള്‍, സ്റ്റീവ് റീഡ്, പരിസ്ഥിതി വകുപ്പില്‍ നിന്നും നേരത്തെ റെയ്നാര്‍ ചുമതല വഹിച്ചിരുന്ന ഹൗസിംഗ് സെക്രട്ടറി പദത്തിലെത്തും. എമ്മ റെയ്‌നോള്‍ഡ്‌സ് ആയിരിക്കും പുതിയ പരിസ്ഥിതി സെക്രട്ടറി.

ചിത്രം കടപ്പാട്- ബിബിസി

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions