കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ഏറ്റുമാനൂര്‍ എം.എല്‍.എ സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ. പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു. വേളാങ്കണ്ണിയില്‍ നിന്ന് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ ട്രെയിനില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. പുലര്‍ച്ചെ 3.30-ഓടെ തെങ്കാശിക്കടുത്ത് എത്തിയപ്പോഴായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പ്രിന്‍സ് ലൂക്കോസ്. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന ഒ.വി. ലൂക്കോസിന്റെ മകനാണ്. കോട്ടയം പെരുമ്പയിക്കാടാണ് അദ്ദേഹത്തിന്റെ സ്വദേശം. കോട്ടയം ബാറിലെ അഭിഭാഷകന്‍ കൂടിയാണ് പ്രിന്‍സ്. പാര്‍ട്ടിയിലും പൊതുപ്രവര്‍ത്തനരംഗത്തും സജീവമായി ഇടപെടുന്ന പ്രിന്‍സ് ഏവര്‍ക്കും പ്രിയങ്കരനായ നേതാവാണ്.