അസോസിയേഷന്‍

യുക്മ ഫസ്റ്റ് കോള്‍ കേരളപ്പൂരത്തിന് ആവേശകരമായ പരിസമാപ്തി; ബോള്‍ട്ടന്‍ കൊമ്പന്‍ ചാമ്പ്യന്‍സ്

റോതെര്‍ഹാം: യുക്മ ഫസ്റ്റ് കോള്‍ കേരളപ്പൂരം വള്ളംകളി മത്സരങ്ങള്‍ക്ക് ഉജ്ജ്വല പരിസമാപ്തി. കേരളത്തിന് പുറത്ത് സംഘടിപ്പിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ വള്ളംകളി മത്സരമായിരുന്നു കഴിഞ്ഞ ശനിയാഴ്ച പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചത്. ഒന്‍പതര മണിയോടെ ആരംഭിച്ച മത്സരങ്ങള്‍ക്ക് വൈകുന്നേരം ആറര മണിയോടെയാണ് സമാപനമായത്. 31 ജലരാജാക്കന്മാര്‍ ഇരമ്പിയാര്‍ത്ത വള്ളം കളി മത്സരത്തില്‍ കൊമ്പന്‍സ് ബോട്ട് ക്ലെബ്ബ് ബോള്‍ട്ടണ്‍ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനത്ത് എസ് എം എ ബോട്ട് ക്ലെബ്ബ് എത്തിയപ്പോള്‍ ലിവര്‍പൂളിന്റെ ജവഹര്‍ ബോട്ട് ക്ലെബ്ബാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. നാലാം സ്ഥാനത്ത് സെവന്‍ സ്റ്റാഴ്സ് കൊവെന്‍ട്രിയും അഞ്ചും ആറും സ്ഥാനങ്ങള്‍ യഥാക്രമം എന്‍എംസിഎ ബോട്ട് ക്ലെബ്ബും ബിഎംഎ ബോട്ട് ക്ലെബ്ബും കരസ്ഥമാക്കി.

വനിതകളുടെ പ്രദര്‍ശന മത്സരത്തില്‍ ലിവര്‍പൂള്‍ ലിമ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ റോയല്‍ 20 ബിര്‍മിംഗ്ഹാം രണ്ടാം സ്ഥാനവും സാല്‍ഫോര്‍ഡിന്റെ എസ് എം എ റോയല്‍സ് മൂന്നാം സ്ഥാനവും ഗ്രിംസ്ബി തീപ്പൊരികള്‍ നാലാം സ്ഥാനവും നേടി. പതിനൊന്ന് ടീമുകള്‍ മാറ്റുരച്ച വനിതകളുടെ മത്സരങ്ങളില്‍ ഓരോ ഹീറ്റ്‌സിലും വീറും വാശിയും പ്രകടമായിരുന്നു.

വൈകുന്നേരം ഏഴു മണിയോടെയാണ് യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 സമാപന സമ്മേളനത്തിന് തുടക്കമായത്. യുക്മ ദേശീയ അദ്ധ്യക്ഷന്‍ അഡ്വ എബി സെബാസ്റ്റിയന്‍ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായെത്തിയ ബേസിംഗ്സ്റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോം സമാപന സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയകുമാര്‍ നായര്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. കേരളപ്പൂരത്തിന്റെ ഭാഗമായി നടന്ന യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി വിജയികള്‍ക്ക് സെലിബ്രിറ്റി ഗെസ്റ്റായ പ്രശസ്ത ചലച്ചിത്ര താരം നേഹ സക്സേന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം യുക്മ വള്ളംകളിയില്‍ ചാമ്പ്യന്മാരായ കൊമ്പന്‍സ് ബോട്ട് ക്ലെബ്ബ് ബോള്‍ട്ടന് യുക്മ ദേശീയ അധ്യക്ഷന്‍ അഡ്വ എബി സെബാസ്റ്റിയനും യുക്മ കേരളപ്പൂരം ട്രോഫിയും ക്യാഷ് പ്രൈസ് സ്‌പോണ്‍സറായ ശ്രീ മാത്യു അലക്സാണ്ടറും ടീമംഗങ്ങളുടെ മെഡലുകള്‍ വള്ളംകളി കോര്‍ഡിനേറ്റര്‍ ഡിക്‌സ് ജോര്‍ജ്ജും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ എസ് എം എ ബോട്ട് ക്ലെബ്ബ് സാല്‍ഫോഡിന് യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് ട്രോഫിയും ക്യാഷ് പ്രൈസ് സ്‌പോണ്‍സറായ മാത്യു എലൂരും ടീമംഗങ്ങളുടെ മെഡലുകള്‍ ദേശീയ ഉപാധ്യക്ഷന്‍ വര്‍ഗ്ഗീസ് ഡാനിയും സമ്മാനിച്ചു. മൂന്നാം സ്ഥാനത്തെത്തിയവര്‍ക്ക് ട്രോഫി നാഷണല്‍ ജോയിന്റ് സെക്രട്ടറി സണ്ണിമോന്‍ മത്തായി സമ്മാനിച്ചപ്പോള്‍ ക്യാഷ് പ്രൈസ് സ്‌പോണ്‍സറായ ബിജോ ടോമും ടീമംഗങ്ങള്‍ക്കുള്ള മെഡലുകള്‍ നാഷണല്‍ ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലിലും സമ്മാനിച്ചു. നാലാം സ്ഥാനത്തെത്തിയവര്‍ക്ക് നാഷണല്‍ വൈസ് പ്രസിഡന്റ് സ്മിതാ തോട്ടം ട്രോഫിയും സ്‌പോണ്‍സറായ സൈമണ്‍ വര്‍ഗ്ഗീസ് ക്യാഷ് പ്രൈസും മറ്റൊരു സ്‌പോണ്‍സറായ ഷംജിത് മെഡലുകളും സമ്മാനിച്ചു.

പ്രദര്‍ശന മത്സരം നടന്ന വനിതകളുടെ വിഭാഗത്തില്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ലിമക്ക് ഫൊക്കാന പ്രസിഡന്റ് സജി ആന്റണി ട്രോഫിയും മെഡലുകള്‍ ബേസിംഗ്സ്റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോമും സമ്മാനിച്ചു. രണ്ടാം സ്ഥാനത്തെത്തിയ റോയല്‍ 20 ബിര്‍മിംഗ്ഹാമിന് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അലക്‌സ് വര്‍ഗീസും, മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പ്രസിഡന്റ് ജോബി പുതുക്കുളങ്ങരയും

സമ്മാനങ്ങള്‍ വിതരണം ചെയ്തു. മൂന്നാം സ്ഥാനത്തെത്തിയ സാല്‍ഫോര്‍ഡിന്റെ എസ് എം എ റോയല്‍സിന് ദേശീയ സമിതിയംഗം ജോര്‍ജ് തോമസും ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡന്റ് ജോബിന്‍ ജോര്‍ജ്ജും പുരസ്‌കാരങ്ങള്‍ നല്‍കി. നാലാം സ്ഥാനത്തെത്തിയ ഗ്രിംസ്ബി തീപ്പൊരികള്‍ക്ക് ദേശീയ സമിതിയംഗം സുരേന്ദ്രന്‍ ആരക്കോട്ടും മുന്‍ നാഷണല്‍ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോയും സമ്മാനങ്ങള്‍ നല്‍കി..

ഏകദേശം ഏഴായിരത്തോളം കാണികള്‍ ഒഴുകിയെത്തിയ യുക്മ ഫസ്റ്റ് കോള്‍ കേരളപ്പൂരം വള്ളംകളിക്ക് ഇക്കുറി ആവേശപൂരമായ വരവേല്‍പ്പാണ് യുകെ മലയാളികള്‍ ഒരുക്കിയത്. യുക്മ കേരളപ്പൂരം 2025 വന്‍ വിജയമാക്കിയ ഏവര്‍ക്കും യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു.



  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  • ഐ ഒ സി ഇപ്‌സ്വിച്ച് റീജിയന്റെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions