യുകെയില്‍ വൈകിയുള്ള മാതൃത്വ തീരുമാനവും സ്ത്രീകളുടെ അമിതവണ്ണവും പ്രസവങ്ങള്‍ സങ്കീര്‍ണമാക്കുന്നു. നിലവില്‍ രാജ്യത്തു പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍ ആണെന്നതാണ് ഗൗരവമേറിയ കാര്യം. 2023-ല്‍ നടന്ന 5.92 ലക്ഷം പ്രസവങ്ങളില്‍ 50.6 ശതമാനവും സിസേറിയന്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഇടപെടലോടെ ആണ് നടന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
സിസേറിയന്‍ ശസ്ത്രക്രിയകള്‍, ഫോഴ്‌സെപ്സ്, വെന്‍ടൂസ് കപ്പ് എന്നിവയിലൂടെയാണ് പ്രസവങ്ങളുടെ വലിയൊരു പങ്കും നടന്നത്. 2015-16-ലെ 25 ശതമാനത്തില്‍ നിന്ന് 2023-ല്‍ 38.9 ശതമാനമായി സിസേറിയന്‍ വര്‍ദ്ധിച്ചുവെന്ന് നാഷണല്‍ മെറ്റേണിറ്റി ആന്‍ഡ് പെരിനാറ്റല്‍ ഓഡിറ്റ് (NMPA) റിപ്പോര്‍ട്ട് വ്യക്തമാക്കി. അതേ സമയം, ഇന്‍ഡ്യൂസ് പ്രസവങ്ങളും 29.3 ശതമാനത്തില്‍ നിന്ന് 33.9 ശതമാനമായി ഉയര്‍ന്നു.
വിദഗ്ധരുടെ അഭിപ്രായത്തില്‍, ഉയര്‍ന്ന പ്രായത്തിലും അമിതവണ്ണത്തിലും മാതൃത്വം ഏറ്റെടുക്കുന്ന സ്ത്രീകളുടെ വര്‍ദ്ധനയാണ് പ്രസവങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാന്‍ കാരണമായത്. പ്രമേഹം, പഴയ രോഗങ്ങള്‍ തുടങ്ങിയവയും പ്രസവസമയത്തെ പ്രശ്നങ്ങള്‍ കൂട്ടുന്നതായി കണ്ടെത്തി. ഗര്‍ഭകാലത്ത് മികച്ച മെഡിക്കല്‍ സ്‌കാനുകളും ചികിത്സകളും ലഭ്യമാക്കിയാല്‍ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തി ഇടപെടല്‍ കുറയ്ക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലാണ് പ്രശ്നങ്ങല്‍ കൂടുതല്‍ കണ്ടുവരുന്നത്. അതിനാല്‍, ആരോഗ്യ സംവിധാനത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, സിസേറിയന്‍ നിരക്ക് വര്‍ദ്ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതല്ലെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ വിദഗ്ധര്‍ പറഞ്ഞു . ഭാവിയിലെ ആരോഗ്യ സേവനങ്ങള്‍ ഇതിനനുസരിച്ച് ഒരുക്കണമെന്നാണ് ഇതേ കുറിച്ച് റോയല്‍ കോളേജ് ഓഫ് ഒബ്സ്ട്ട്രീഷ്യന്‍സ് വൈസ് പ്രസിഡന്റ് പ്രൊഫ. അസ്മ ഖലീല്‍ വ്യക്തമാക്കിയത് . അമിതവണ്ണവും വൈകിയുള്ള മാതൃത്വവുമാണ് പ്രധാന കാരണങ്ങള്‍ എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സിസേറിയന്‍ പ്രസവത്തിനും സ്വാഭാവിക പ്രസവത്തിനും തുല്യമായ ഗുണദോഷങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് പറഞ്ഞു. 2023-ല്‍ 23.1 ശതമാനം പ്രസവങ്ങള്‍ അടിയന്തിര സിസേറിയനുകളായിരുന്നപ്പോള്‍ 16.4 ശതമാനം മുന്‍കൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകളായിരുന്നു.