ഒന്നര വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഹാരി രാജകുമാരന്‍ പിതാവ് ചാള്‍സ് മൂന്നാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ക്ലെയറന്‍സ് ഹൗസില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. 2014ല്‍ ഹാരി ആരംഭിച്ച ഇന്‍വിക്റ്റസ് ഗെയിംസുമായി ബന്ധപ്പെട്ടായിരുന്നു ഹാരി ബ്രിട്ടനിലെത്തിയത്. മുന്‍ സൈനികര്‍ക്കും പരിക്കേറ്റ സൈനികര്‍ക്കും വേണ്ടിയുള്ളതാണ് ഇന്വിക്റ്റസ് ഗെയിംസ്. തികച്ചും ശാന്തനും പ്രസന്നവാനുമായി കാണപ്പെട്ട ഹാരി, പരിപാടിയുടെ സ്പോണ്‍സര്‍മാരോടും മന്ത്രിമാരോടും കുശലം പറഞ്ഞു. ലണ്ടനിലെ ഗെര്‍ക്കിനിലാണ് പരിപാടി നടക്കുന്നത്. പുനഃസംഗമത്തിന് ശേഷം ഹാരി രാജകുമാരന്‍ പറഞ്ഞത് തന്റെ പിതാവ് സുഖമായി ഇരിക്കുന്നു എന്നാണ്.
പത്തൊമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ഹാരി പിതാവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. 55 മിനിറ്റ് കൂടിക്കാഴ്ച നീണ്ടു. 2024 ഫെബ്രുവരിയില്‍ ആയിരുന്നു അവസാനമായി രാജകുമാരന്‍ പിതാവിനെ കാണാന്‍ യുകെയില്‍ എത്തിയത്. വൈകിട്ട് 5.20 ഓടെ ഒരു കറുത്ത റേഞ്ച് റോവറില്‍ കൊട്ടാരത്തില്‍ എത്തിയ ഹാരി, പിതാവുമൊത്തുള്ള സ്വകാര്യ സന്ദര്‍ശനത്തിന് ശേഷം ആറേ കാലിനാണ് മടങ്ങിയത്. അതുകൊണ്ടു തന്നെ ഇന്‍വിക്റ്റസ് ഗെയിംസ് വേദിയില്‍ നേരത്തേ നിശ്ചയിച്ചിരുന്നതിലും 40 മിനിറ്റ് വൈകിയാണ് രാജകുമാരനെത്തിയത്.
അബെര്‍ഡീഷയറിലെ ബാല്‍മൊറാലില്‍ ആയിരുന്ന രാജാവ് നേരത്തെ വൈകിട്ട് നാലു മണിയോടെയാണ് റോയല്‍ എയര്‍ഫോഴ്സിന്റെ നോര്‍തോള്‍ട്ടില്‍ വന്നിറങ്ങിയത്. ഹോളോകോസ്റ്റില്‍ നിന്നും രക്ഷപ്പെട്ട മാന്‍ഫ്രെഡ് ഗോള്‍ഡ്‌ബെര്‍ഗുമായി രാജാവ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അദ്ദേഹത്തിന് എം ബി ഇ ബഹുമതി സമ്മാനിക്കുകയും ചെയ്തു.