കര്‍ശനമായ വിസാ നിയമങ്ങളാണ് കാനഡ നടപ്പാക്കിയിരിക്കുന്നത്. ഇത് വിദേശ വിദ്യാര്‍ത്ഥികളുടെ രാജ്യത്തേക്കുള്ള വരവിനെ വലിയ രീതിയില്‍ ബാധിച്ചു. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി)യുടെ കണക്കുകള്‍ പ്രകാരം, 2025ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഏകദേശം 80 ശതമാനം വിസ അപേക്ഷകളും നിരസിച്ചു.
കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 40 ശതമാനം ഇന്ത്യക്കാരാണ്. 2025ന്റെ രണ്ടാം പാദത്തില്‍ അഞ്ച് ഇന്ത്യന്‍ അപേക്ഷകരില്‍ നാല് പേരുടെയും അപേക്ഷകള്‍ നിരസിച്ചതായി എജ്യുക്കേഷന്‍ ഔട്ട്ലെറ്റായ ദ പൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കാനഡ സര്‍ക്കാരിന്റെ കണക്കനുസരിച്ച്, 2024-ല്‍ 1.88 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചിരുന്നു. ഇത് രണ്ട് വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ ഇരട്ടിയിലധികമായിരുന്നു. രാജ്യം തിരിച്ചുള്ള കണക്കുകള്‍ ഒട്ടാവ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ ഉയര്‍ന്ന നിരക്ക് ഏഷ്യ, ആഫ്രിക്ക, മറ്റ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെയും ബാധിക്കുന്നുണ്ടെന്ന് ദ പൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് അന്താരാഷ്ട്ര വിദ്യാഭ്യാസത്തോടുള്ള കാനഡയുടെ സമീപനത്തിലെ മാറ്റം കാണിക്കുന്നു.
ദശാബ്ദങ്ങളായി സുരക്ഷ, അവസരങ്ങള്‍, മികച്ച സ്ഥാപനങ്ങള്‍ എന്നിവ കാരണം പല വിദ്യാര്‍ത്ഥികളുടെയും ഇഷ്ട രാജ്യമായിരുന്നു കാനഡ. എന്നാല്‍, നിലവിലെ കണക്കുകള്‍ വലിയ മാറ്റമാണ് കാണിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാനഡയ്ക്കുള്ള മുന്‍ഗണന 2022-ല്‍ 18 ശതമാനം ആയിരുന്നത് 2024ല്‍ വെറും ഒമ്പത് ശതമാനം ആയി കുറഞ്ഞു. അതേസമയം, ജര്‍മ്മനി ഇപ്പോള്‍ 31 ശതമാനം മുന്‍ഗണനയുമായി ഒന്നാം സ്ഥാനത്തെത്തി.
പാര്‍പ്പിട പ്രതിസന്ധി, അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്‌നങ്ങള്‍, പ്രാദേശിക പ്രതിഭകള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള രാഷ്ട്രീയ ആവശ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണമാണ് ഒട്ടാവ വിസ നയങ്ങള്‍ കര്‍ശനമാക്കിയത്. 'ഐആര്‍സിസി പുതിയ അപേക്ഷകള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുന്നു എന്നത് വ്യക്തമാണ്,' ബോര്‍ഡര്‍പാസിന്റെ വൈസ് പ്രസിഡന്റ് ജോനാഥന്‍ ഷെര്‍മാന്‍ ദ പൈ ന്യൂസിനോട് പറഞ്ഞു.
കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തടസങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. വിഎന്‍എക്‌സ്പ്രസ് പറയുന്നതനുസരിച്ച്, കാനഡ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സാമ്പത്തിക രേഖയുടെ മിനിമം തുക 20,635 കനേഡിയന്‍ ഡോളറായി (ഏകദേശം 13.13 ലക്ഷം രൂപ) ഇരട്ടിയാക്കി. അതേസമയം, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള തൊഴില്‍ നിയമങ്ങളും കൂടുതല്‍ കര്‍ശനമാക്കി. 2025ല്‍ 4.37 ലക്ഷം പഠനാനുമതികള്‍ മാത്രമേ നല്‍കാന്‍ കാനഡ ഉദ്ദേശിക്കുന്നുള്ളൂ, ഇത് 2024-നെക്കാള്‍ ഏകദേശം 10 ശതമാനം കുറവാണ്.