സിനിമ

'അസഹ്യം'; കൊലച്ചതിയായി പോയി ദുല്‍ഖര്‍, ഒരു പരമബോറന്‍ യക്ഷികഥ: ലോകയ്ക്കെതിരെ രൂക്ഷവിമര്‍ശനം

തിയേറ്ററുകളില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് 'ലോക'. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ വിദഗ്ധനും കേരള യൂണിവേഴ്​സിറ്റി മുന്‍ വി.സിയുമായ ഡോ. ബി. ഇക്​ബാല്‍.

'അസഹ്യം' എന്നൊക്കെ മാത്രം വിശേഷിപ്പിക്കാന്‍ കഴിയുന്ന, നല്ലൊരു തിരക്കഥ പോലുമില്ലാത്ത ഒരു പരമ ബോറന്‍ യക്ഷിക്കഥയാണ് ലോക എന്നാണ് ഇക്​ബാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മലയാള സിനിമയില്‍ യക്ഷിബാധ!
ഇതു കുറിച്ച നേരത്തെ എഴുതണമെന്ന് കരുതിയിരുന്നു. പക്ഷേ ഇടക്ക് ചെറിയ ആരോഗ്യപ്രശ്‌നം വന്നതിനാല്‍ നീണ്ടുപോയി. വളരെനാള്‍ കൂടിയിരുന്നാണ് ഓണക്കാലത്ത് കുടുംബസമേതം തിയേറ്ററില്‍ പോയി ഒരു സിനിമ കണ്ടത്. അതെ അതുതന്നെ. എല്ലാവരും കണ്ണടച്ച് പുകഴ്ത്തികൊണ്ടിരിക്കുന്ന ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ‘ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. ‘ലോക’ എന്ന് പേരുള്ള സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണത്രെ ‘ചന്ദ്ര’, നമ്മുടെ പ്രിയ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍-അതും പ്രിയങ്കരനായ മമ്മൂട്ടിയുടെ മകന്‍ നിര്‍മ്മിച്ച ചിത്രമായത് കൊണ്ട് പലരും സത്യം പറയാന്‍ മടിക്കുമെന്നത് കൊണ്ട് ഞാന്‍ തന്നെയങ്ങു തുറന്ന് പറഞ്ഞേക്കാം.

ഇത് വലിയൊരു കൊലച്ചതിയായി പോയി ദുല്‍ഖര്‍. ഇപ്പോഴത്തെ മലയാള സിനിമാ സൂപ്പര്‍സ്റ്റാറുകളെ പിടികൂടിയിട്ടുള്ള മെഗാബജറ്റ് മാനിയ ദുല്‍ക്കറിനെയും ബാധിച്ചിരിക്കുന്നു. ഫലം: മിതമായ ഭാഷയില്‍ പറഞ്ഞാല്‍, 'ഭീഭത്സം', 'അരോചകം' 'അസഹ്യം' എന്നൊക്കെ മാത്രം വിശേഷിപ്പിക്കാന്‍ കഴിയുന്ന നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറന്‍ യക്ഷികഥ.

കടമറ്റത്ത് കത്തനാര്‍ മുതല്‍ ഡ്രാക്കൂള വരെ-എത്രയോ യക്ഷിസിനിമകള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് മേല്‍ ഇങ്ങനെയൊരു അന്ധവിശ്വാസ ജടിലമായ സിനിമ ദുല്‍ഖറിനെ പോലൊരു യുവ പ്രതിഭയില്‍ നിന്ന് തീരെ പ്രതീക്ഷിച്ചില്ല. സര്‍റീയല്‍ സിനിമകളൊക്കെയാവാം. അതില്‍ തെറ്റില്ല. പക്ഷെ കലാമൂല്യം വേണം. അതിന്റെ തരിമ്പ് പോലും ചിത്രത്തിലില്ല.

സിനിമയുടെ അവസാനഭാഗമെത്തി, രക്ഷപ്പെട്ടു എന്ന് കരുതിയ ശ്വാസമെടുത്തപ്പോള്‍ വരുന്നു കിടിലന്‍ ട്വിസ്റ്റ്: 'ചാത്തന്‍മാര്‍ ഇനിയും വരും'. അതായത് 'ലോക' പീഡന ശൈലിയില്‍ തുടര്‍ സിനിമകളും വരുമെന്ന ഭീഷണി തന്നെ! സിനിക്കായി സൃഷ്ടിക്കപ്പെടുന്ന കൃത്രിമ ഹൈപ്പ് കാണുമ്പോള്‍ നീലി യക്ഷിക്കായി O Negative രക്തം ദാനം ചെയ്യാന്‍ തിയേറ്ററുകള്‍ക്ക് മുന്‍പില്‍ ജെന്‍സി ക്യൂനിന്ന് തുടങ്ങുമോ എന്നാണെന്റെ ഭയം.

ഇപ്പോഴിതാ, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന യക്ഷികഥയാവാന്‍ സാധ്യയുള്ള ജയസൂര്യ - റോജിന്‍ തോമസ് ചിത്രം 'കത്തനാര്‍' ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുന്നു. മലയാള സിനിമയെ മറ്റൊരു തലത്തില്‍ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ഈ ചിത്രം മാറുമെന്നാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. സിനിമ പ്രേമികളെ പുതിയ തലത്തിലുള്ള യക്ഷിപീഡനം കാത്തിരിക്കുന്നുവെന്ന് ഊഹിക്കാം.
ഇത്തരം സിനിമകളെ നേരിടാനുള്ള ചികിത്സാ മാര്‍ഗം ഒന്നേയുള്ളൂ-ഗാന്ധീയന്‍ സമരരീതി: ബഹിഷ്കരണം.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions