യുകെയില്‍ കുടിയേറ്റം ആണ് ഏറ്റവും വലിയ ചര്‍ച്ച. ഒരു ലക്ഷത്തിലേറെ പേരെ അണിനിരത്തി അനധികൃത കുടിയേറ്റത്തിനെതിരെ നടന്ന റാലി അക്രമാസക്തമായതോടെ ലോകമാകെ ചര്‍ച്ചയായി കഴിഞ്ഞു. എന്നാല്‍ രാജ്യത്ത് കുടിയേറ്റം അക്ഷരാര്‍ത്ഥത്തില്‍ കുറയുകയാണെന്ന് കണക്കുകള്‍ പറയുന്നു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിലെ (ഒ എന്‍ എസ്) കണക്കുകള്‍ പറയുന്നത് 2011 ന് ശേഷം നെറ്റ് മൈഗ്രേഷന്‍ രണ്ടു ലക്ഷത്തിനും മൂന്നു ലക്ഷത്തിനും ഇടയിലായി ഒതുക്കാന്‍ കഴിഞ്ഞു എന്നാണ്. 2020 ഡിസംബര്‍ 31ന് ശേഷം നെറ്റ് മൈഗ്രേഷന്‍ കുതിച്ചുയരുന്നിരുന്നു.
സ്റ്റുഡന്റ് വിസകളുടെ എണ്ണത്തിലും ഇടിവുണ്ടായിട്ടുണ്ട്. സാധാരണ ആഗസ്റ്റ് മാസത്തിലായിരിക്കും വിസ അപേക്ഷകള്‍ കൂടുതലായി എത്തുക. ഈ വര്‍ഷം വിസ അപേക്ഷകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.5 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 2023 ലെ കണക്കുമായി താരതമ്യം ചെയ്താല്‍ ഉണ്ടായിരിക്കുന്നത് 18 ശതമാനത്തിന്റെ കുറവാണ്.
യുകെയില്‍ എത്തുന്ന വിദേശികളില്‍ ഏറ്റവും വലിയ വിഭാഗം വിദ്യാര്‍ത്ഥികളും അവരുടെ ആശ്രിതരുമാണ്. ഏകദേശം 47 ശതമാനം. രണ്ടാമതുള്ളത് 20 ശതമാനം വരുന്ന വര്‍ക്കിംഗ് വിസയില്‍ എത്തിയവരാണ്. അനധികൃത കുടിയേറ്റം തടയാന്‍ നടപടിയെന്ന് പറയുമ്പോഴും കാര്യമായ നീക്കങ്ങളില്ലെന്ന വിമര്‍ശനം ശക്തമാണ്. റിഫോം യുകെയുടെ വളര്‍ച്ച കൂടി പരിഗണിക്കുമ്പോള്‍ അനധികൃത കുടിയേറ്റത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് മേലും സമ്മര്‍ദ്ദം ശക്തമാണ്.