കൊല്ലം കിഴക്കനേല സ്വദേശിനി ആരതി റാമിനു 2.2 മില്യണ്‍ പൗണ്ടിന്റെ (26.38 കോടി രൂപ) യുകെ റിസര്‍ച് ആന്‍ഡ് ഇന്നവേഷന്‍ ഫ്യൂച്ചര്‍ ലീഡേഴ്സ് ഫെലോഷിപ്. വയോധികരുടെ അസ്ഥിരോഗ ചികിത്സയുമായി ബന്ധപ്പെട്ടു നാനോ ടെക്നോളജിയിലെ ഗവേഷണത്തിനു 4 വര്‍ഷത്തേക്ക് തുക ലഭിക്കും.
സര്‍ക്കാര്‍ സ്കൂളില്‍ മലയാളം മീഡിയത്തില്‍ പഠിച്ച ആരതി 2020ല്‍ മേരി ക്യൂറി ഫെലോഷിപ്പും (2.70 കോടി രൂപ) നേടിയിരുന്നു. യുകെ ബ്രാഡ്ഫഡ് സര്‍വകലാശാലയില്‍ ലൈഫ് സയന്‍സ് അസിസ്റ്റന്റ് പ്രഫസറാണ് ആരതി റാം. പാരിപ്പള്ളി കിഴക്കനേല അയോധ്യയില്‍ റിട്ട. സുബേദാര്‍ മേജര്‍ പരേതനായ രാമചന്ദ്രക്കുറുപ്പിന്റെയും ശശികലയുടെയും മകളാണ്.
കിഴക്കനേല ഗവ. എല്‍പി സ്കൂള്‍, കടമ്പാട്ടുകോണം എസ്കെവി എച്ച്എസ്, പാളയംകുന്ന് എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ പഠനം. കേരള സര്‍വകലാശാലയില്‍ നിന്ന് എംഎസ്‌സി ഫിസിക്സ്, കുസാറ്റില്‍ നിന്ന് എംഫില്‍, സൗത്ത് കൊറിയയില്‍ നിന്നു പിഎച്ച്ഡി എന്നിവ നേടിയ ശേഷമാണ് യുകെയില്‍ എത്തിയത്.
ഭര്‍ത്താവ് അഭീഷ് രാജന്‍ ഉണ്ണിത്താന്‍ ബ്രാഡ്ഫഡ് സര്‍വകലാശാലയിലെ ലക്ചററാണ്. മകള്‍ ആരുഷി.
ചിത്രം bradford.ac.uk എന്ന വെബ്സൈറ്റില്‍ നിന്ന്