വ്യാജ ലോഗിന്‍ ഉപയോഗിച്ച് വോട്ടുകള്‍ നീക്കി, മുഖ്യ തിര. കമ്മിഷണര്‍ക്കെതിരേ ആരോപണങ്ങളുമായി രാഹുല്‍
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തെ തകര്‍ക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ആറായിരത്തോളം പേരെ നീക്കിയതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്ദിരാഭവനില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് രാഹുല്‍ഗാന്ധിയുടെ ആരോപണം.
അതേസമയം ഇത് ഹൈഡ്രജന്‍ ബോംബ് അല്ലെന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി പത്രസമ്മേളനം തുടങ്ങിയത്. അത് വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു. നേരത്തേ ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപനച്ചടങ്ങിലാണ് ‘ഹൈഡ്രജന്‍ ബോംബ്’ പൊട്ടിക്കുമെന്ന് രാഹുല്‍ഗാന്ധി വെളിപ്പെടുത്തിയിരുന്നത്.
ഗ്യാനേഷ് കുമാര്‍ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. കര്‍ണ്ണാടകത്തിന് പുറത്ത് നിന്നുള്ള ചില മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്തത്. സൂര്യകാന്ത് എന്നയാളുടെ വിവരങ്ങള്‍ ഉപയോഗിച്ച് 14 വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സൂര്യകാന്തിനേയും രാഹുല്‍ വാര്‍ത്താ സമ്മേളന വേദിയില്‍ കൊണ്ടുവന്നിരുന്നു.
ഗോദാബായിയുടെ വിവരങ്ങള്‍ ഉപയോഗിച്ചും വോട്ടുകള്‍ ഒഴിവാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബൂത്തിലെ ആദ്യ സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് വോട്ട് ഡിലീറ്റ് ചെയ്യുന്നു. കര്‍ണ്ണാടത്തിന് പുറത്ത് നിന്നുള്ള കോള്‍ സെന്ററുകള്‍ വഴിയാണ് വോട്ടുകള്‍ ഒഴിവാക്കുന്നത്. ഇതിന് ഗ്യാനേഷ് കുമാര്‍ മറുപടി പറയണം. ഒടിപി വിവരങ്ങളുടേതടക്കം വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.