കൊച്ചി: കടുത്ത സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നടി റിനി ആന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കേസെടുത്ത് സൈബര്‍ പൊലീസ്. ആലുവ സൈബര്‍ പൊലിസാണ് കേസെടുത്തത്. ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍, യൂട്യൂബര്‍ ഷാജന്‍ സ്കറിയ, വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ എന്നിവര്‍ക്കെതിരെയാണ് റിനിയുടെ പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയാണ് ആലുവ സൈബര്‍ പൊലീസിന് കൈമാറിയത്.
മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറല്‍ എസ്‌പി, മുനമ്പം ഡിവൈഎസ്‌പി എന്നിവര്‍ക്കും നടി പരാതി നല്‍കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തെ തുടര്‍ന്നാണ് നടിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായത്.
പൊള്ളേണ്ടവര്‍ക്ക് പൊള്ളിയതിന്റെ തെളിവാണ് തനിക്കെതിരെയുള്ള സെെബര്‍ ആക്രമണമെന്നാണ് പരാതി നല്‍കിയതിനുശേഷം റിനി ആന്‍ ജോര്‍ജ് പ്രതികരിച്ചത്. സെെബര്‍ ആക്രമണങ്ങള്‍ ഭയന്നാണ് ഇരകള്‍ മൊഴി കൊടുക്കാന്‍ ഭയക്കുന്നതെന്നും എല്ലാവര്‍ക്കും വേണ്ടിയാണ് പരാതി നല്‍കിയതെന്നും നടി വ്യക്തമാക്കിയിരുന്നു.
'രൂക്ഷമായ സെെബര്‍ ആക്രണമാണ് തനിക്കെതിരെ നടക്കുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സെെബര്‍ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും സെെബര്‍ പൊലീസിനും പരാതി നല്‍കി. സെെബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളടക്കം പരാതിയില്‍ ഉണ്ട്. അടിയന്തരമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണം. അനാവശ്യമായി കമന്റ് ഇടുന്നവരെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരണം.
ആരാണ് ഇതിന് പിന്നിലെന്ന് കണ്ടുപിടിക്കണം. അവര്‍ക്ക് പൊള്ളുന്നതുകൊണ്ടാണല്ലോ ആക്രമണം നടത്തുന്നത്. കമന്റ് ഇടുന്നവരെയും വീഡിയോ ഇടുന്നവരെയും മാത്രമല്ല കണ്ടുപിടിക്കേണ്ടത്. അവരുടെ പിന്നില്‍ ചരടുവലിക്കുന്നവരെയും കണ്ടുപിടിക്കണം. സിനിമാ മേഖലയില്‍ ഉള്ളവരുടെ വീഡിയോ പോലും ഉപയോഗിച്ച് ഇത്തരം സെെബര്‍ ആക്രമണം നടത്തുന്നുണ്ട്. എനിക്ക് മാത്രമല്ല സുഹൃത്തുക്കള്‍ക്കെതിരെയും സെെബര്‍ ആക്രമണം നടത്തുന്നുണ്ട്- റിനി മാദ്ധ്യമങ്ങളോട് പറഞ്ഞു.