രാജ്യത്തെ ഓപ്പറേഷന്‍ നംഖോറില്‍ കേരളത്തില്‍ വ്യാപക പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഭൂട്ടാന്‍ വഴി വാഹനങ്ങള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഭൂട്ടാന്‍ സൈന്യം ഉപയോഗിച്ച വാഹനം ഇന്ത്യയിലേക്ക് കടത്തി ഹിമാചല്‍ പ്രദേശില്‍ എത്തിച്ച് രജിസ്ട്രേഷന്‍ മാറ്റി വില്‍പന നടത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ വാഹനം ലഭിച്ചവരുടെ ലിസ്റ്റ് കസ്റ്റംസ് ശേഖരിച്ചിരുന്നു. ഈ പട്ടിക കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്കും പരിശോധന എത്തിയത്.
ഭൂട്ടാനില്‍ നംഖോര്‍ എന്നാല്‍ വാഹനം എന്നാണ് അര്‍ഥം. ഭൂട്ടാനില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ലേലത്തില്‍ പിടിക്കുന്ന വാഹനങ്ങള്‍ ആദ്യം ഹിമാചലില്‍ എത്തിച്ച് രജിസ്റ്റര്‍ ചെയ്ത് വലിയ തുകയ്ക്ക് മറിച്ചുവില്‍ക്കുകയാണ് ചെയ്യുന്നത്. വലിയ റാക്കറ്റ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കസ്റ്റംസ് സംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്.
ഭൂട്ടാന്‍ സൈന്യം അഞ്ച് ലക്ഷം രൂപയ്ക്ക് വിറ്റ വാഹനങ്ങളാണ് രജിസ്ട്രേഷന്‍ മാറ്റി വന്‍ തുകയ്ക്ക് മറിച്ചുവിറ്റത്. കേരളത്തില്‍ 40 ലക്ഷത്തോളം രൂപയ്ക്കാണ് വാഹനം വിറ്റത്. കേരളത്തില്‍ എന്‍ഒസി ഉള്‍പ്പെടെയാണ് വിറ്റത്. കേരളത്തിലെത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റര്‍ ചെയ്തു. നടന്മാരിലേക്കും വ്യവസായ പ്രമുഖരിലേക്കും കേരളത്തിലെ പരിശോധന നീണ്ടിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോടും കേന്ദ്രീകരിച്ചുമാണ് വാഹനങ്ങള്‍ കേരളത്തിലേക്ക് എത്തിയതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
കേരളത്തില്‍ അമ്പതിലധികം വാഹന ഇടപാട് ക്രമക്കേട് കസ്റ്റംസ് കണ്ടെത്തിയത്. കൊച്ചി, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കസ്റ്റംസ് പരിശോധന നടക്കുന്നത്. കേരളത്തില്‍ 20 വാഹനങ്ങളാണ് ഇത്തരത്തില്‍ എത്തിയത്. നിരവധി വാഹനങ്ങള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഹിമാചല്‍ പ്രദേശില്‍ എത്തിക്കുന്ന വാഹനങ്ങള്‍ വ്യാജ മേല്‍വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇവിടെ നിന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ വില്‍ക്കുകയാണ് സംഘം ചെയ്യുന്നത്.