ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരില്‍
ഭൂട്ടാന്‍ വഴി വാഹനം കടത്തിയതില്‍ അന്വേഷണം ഊര്‍ജിതം. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരിലെന്നാണ് വിവരം. വാഹനത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ദുല്‍ഖര്‍ സല്‍മാന് കസ്റ്റംസ് ഇന്ന് സമന്‍സ് നല്‍കും. വാഹനത്തിന്റെ രജിസ്ട്രേഷന്‍ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനമാണ് മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം നടന്‍ പൃഥ്വിരാജിന്റെ രണ്ട് വാഹനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ വാഹനങ്ങള്‍ കണ്ടെത്താനാണ് കസ്റ്റംസിന്റെ ശ്രമം.
വീട്ടില്‍ നിന്ന് രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തതില്‍ നടനും വാഹന ഡീലറുമായ അമിത് ചക്കാലക്കലിനെ ഇന്നലെ അര്‍ദ്ധ രാത്രി മുഴുവന്‍ കസ്റ്റംസ് ചോദ്യം ചെയ്തു. അമിത്തിന്റെ കൂടുതല്‍ കാറുകള്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ സംശയങ്ങളുമുണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആ സാഹചര്യത്തില്‍ ഇഡി കൂടി കേസെടുക്കാന്‍ സാധ്യതയുണ്ട്.
ഇന്ത്യന്‍ സൈന്യത്തിന്റെയും വിവിധ എംബസികളുടെയും വിദേശ കാര്യമന്ത്രാലയത്തിന്റെയുമൊക്കെ പേരില്‍ വ്യാജരേഖകളുണ്ടാക്കിയാണ് സിനിമാ താരങ്ങള്‍ക്കും വ്യവസായികള്‍ക്കുമടക്കം ഇടനിലക്കാര്‍ ആഡംബര കാറുകള്‍ വിറ്റത്. പിഴ അടച്ചാല്‍ കേസ് തീര്‍ക്കാന്‍ സാധിക്കില്ലെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചു.
പൃഥിരാജിന്റെ കൈവശമുളള ലാന്‍ഡ് റോവര്‍ ക്രൂയിസര്‍, ദുല്‍ഖര്‍ സല്‍മാന്റെ കൈവശമുളള നിസാന്‍ വാഹനം എന്നിവയാണ് അന്വേഷണ പരിധിയില്‍ ഉളളത്.