ലഡാക്കില്‍ സംസ്ഥാന പദവി പൂര്‍ണമായും നല്‍കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിലെ ജെന്‍ സി മോഡല്‍ പ്രതിഷേധം ശക്തം. ലേയിലെ ബിജെപി ഓഫീസിന് പ്രക്ഷോഭകാരികള്‍ തീയിട്ടു. സിആര്‍പിഎഫ് വാഹനവും പ്രതിഷേധത്തിനിടെ പ്രക്ഷോഭകാരികള്‍ തീയിട്ട് നശിപ്പിച്ചു. സോനം വാങ്ചുക്കിന്റെ നേതൃത്വത്തില്‍ 15 ദിവസമായി പ്രതിഷേധം നടന്നുവരുകയിരുന്നു. പ്രതിഷേധ പ്രകടനത്തിന് 'ജെന്‍ സീ'യും രംഗത്തെത്തി.
ആറാം ഷെഡ്യൂള്‍ പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. കേന്ദ്ര സര്‍ക്കാരും ഭരണകൂടവും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ലഡാക്കിന് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന കാലാവസ്ഥാ പ്രവര്‍ത്തക സോനം വാങ്ചുക്കിന്റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് ലേയില്‍ ഇന്ന് പുതുതലമുറ പ്രതിഷേധ പ്രകടനം നടന്നത്.
കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ ഏതാനും യുവാക്കള്‍ ലേയിലെ ബിജെപി ഓഫീസിന് തീയിട്ടു. ചില യുവാക്കള്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിചാര്‍ജും നടത്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീര്‍ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീര്‍ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി, അതേസമയം ലേയും കാര്‍ഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിന്റെ ഈ പ്രദേശത്തിനാണ് ഇപ്പോള്‍ പൂര്‍ണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി പ്രതിഷേധങ്ങള്‍ നടത്തുന്നത്.