ബിബിസി നടത്തിയ രഹസ്യ കാമറ ഓപ്പറേഷനിലൂടെ ലണ്ടനിലെ മെട്രോപൊളിറ്റന്‍ പൊലീസിനുള്ളിലെ വംശീയതയും സ്ത്രീ വിദ്വേഷവും അടങ്ങിയ നിരവധി സംഭവങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുടിയേറ്റക്കാരെ വെടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരും, ലൈംഗികാതിക്രമ പരാതികളെ പരിഹസിക്കുന്നവരുമായ ഓഫീസര്‍മാരുടെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് . സാറ എവാര്‍ഡ് കൊലപാതകത്തിനുശേഷം നവീകരിക്കപ്പെട്ടെന്നുള്ള അവകാശവാദം ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. ലൈംഗികാതിക്രമങ്ങളെ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതും ഇവിടെ ശ്രദ്ധേയമാണ്.
ഏഴ് മാസം നീണ്ട രഹസ്യ അന്വേഷണത്തില്‍, സര്‍ജന്റ് ജോ മക്കില്‍വെന്നി അടക്കമുള്ള ഓഫീസര്‍മാര്‍ സ്ത്രീകളെ കുറിച്ചുള്ള അശ്ലീല പരാമര്‍ശങ്ങളും, കുടിയേറ്റക്കാരെയും മുസ്ലീങ്ങളെയും അധിക്ഷേപിക്കുന്ന പ്രസ്താവനകളും നടത്തിയതായി തെളിഞ്ഞു. ഒരാളുടെ കാലില്‍ സഹപ്രവര്‍ത്തകന്‍ ചവിട്ടിയതിനെക്കുറിച്ച് പൊലീസുകാര്‍ തമാശ പറയുകയും , വിസ കാലാവധി കഴിഞ്ഞ കുടിയേറ്റക്കാരെ വെടിവയ്ക്കണമെന്ന് തുറന്നു പറയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് എട്ട് ഉദ്യോഗസ്ഥരും ഒരു സ്റ്റാഫ് അംഗവും സസ്പെന്‍ഡ് ചെയ്യപ്പെട്ടതായി മെട്രോപൊളിറ്റന്‍ പൊലീസ് കമ്മീഷണര്‍ സര്‍ മാര്‍ക്ക് റൗലി അറിയിച്ചു. ഈ പെരുമാറ്റം മുഴുവനായും അപലപനീയവും അംഗീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. 2022 മുതല്‍ 1,400 - ലധികം ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ടെന്നും പ്രശ്നക്കാരായ ഓഫീസര്‍മാരെ തിരിച്ചറിയാനും പുറത്താക്കാനും ശക്തമായ നടപടികള്‍ തുടരുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.