യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ രാജ്യത്തു സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍. സണ്‍ബെഡ് സലൂണുകള്‍ നിരോധിക്കണമെന്ന് കാന്‍സര്‍ വിദഗ്ധരും പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി കാന്‍സര്‍ ആശുപത്രിയിലെ പ്രൊഫ. പോള്‍ ലോറിഗന്‍ ഉള്‍പ്പെടെ വിദഗ്ധര്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സര്‍ക്കാര്‍ ഉടന്‍ തന്നെ സണ്‍ബെഡുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ചെറുപ്പക്കാരില്‍ പോലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാല്‍, രോഗബാധയും മരണവും കുറയ്ക്കാന്‍ ഒരു പൂര്‍ണ്ണ നിരോധനമാണ് ഏക മാര്‍ഗമെന്ന് അവര്‍ പറഞ്ഞു.
2009-ല്‍ ലോകാരോഗ്യ സംഘടനയുടെ (WHO) അന്താരാഷ്ട്ര കാന്‍സര്‍ ഗവേഷണ ഏജന്‍സിയായ IARC സണ്‍ബെഡ് വികിരണം മനുഷ്യരില്‍ മെലനോമ ഉള്‍പ്പെടെ ത്വക്ക് രോഗ കാന്‍സര്‍ ഉണ്ടാക്കുന്ന കാരസിനോജെനിക് ഘടകമാണെന്ന് പ്രഖ്യാപിച്ചിരുന്നു. യുകെയില്‍ വര്‍ഷംതോറും 17,600 പേര്‍ക്ക് മെലനോമ കണ്ടെത്തപ്പെടുകയും 2,700 പേര്‍ മരിക്കുകയും ചെയ്യുന്നു. 18 വയസ്സിനു താഴെയുള്ളവര്‍ സണ്‍ബെഡ് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും 16-17 കാരില്‍ പലരും ഇത് ഉപയോഗിക്കുന്നതായി പഠനങ്ങള്‍ കാണിക്കുന്നു.
സണ്‍ബെഡ് നിരോധനത്തിന് ലോക കാന്‍സര്‍ ഗവേഷണ ഫണ്ടും (WCRF) പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ കാന്‍സര്‍ റിസര്‍ച്ച് യുകെ ഉപയോഗം ഒഴിവാക്കാന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും നിരോധന ആവശ്യത്തിന് പൂര്‍ണ്ണമായും പിന്തുണ നല്‍കിയില്ല. എന്നാല്‍ സര്‍ക്കാര്‍ സണ്‍ബെഡുകളുടെ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി അവ ഉപയോഗിക്കാതിരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.
'വാണിജ്യ സണ്‍ബെഡുകള്‍ മെലനോമ അടക്കം മറ്റ് ത്വക്ക് രോഗ കാന്‍സറുകളുടെ സാധ്യത ഗണ്യമായി വര്‍ധിപ്പിക്കുന്നു. സുരക്ഷിതമായ മറ്റ് വഴികള്‍ ലഭ്യമായിരിക്കെ സണ്‍ബെഡ് ഒഴിവാക്കുന്നതാണ് ആരോഗ്യകരം എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.