ഇന്ത്യയിലേക്ക് വരുന്ന വിദേശ സഞ്ചാരികള്‍ക്കായി പുതിയ യാത്രാനിയമം പ്രാബല്യത്തില്‍ വന്നു . ഒക്ടോബര്‍ 1 മുതല്‍ ഇത് നടപ്പിലാക്കി തുടങ്ങി. ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശപ്രകാരം, ഇനി മുതല്‍ വിദേശ പൗരന്മാര്‍ വിമാനത്തില്‍ അല്ലെങ്കില്‍ വിമാനത്താവളത്തില്‍ പൂരിപ്പിച്ചിരുന്ന ഡിസെംബര്‍ക്കേഷന്‍ കാര്‍ഡ് ഇനി ഓണ്‍ലൈന്‍ ആയി പൂരിപ്പിക്കേണ്ടതാണ്. ഡിജിറ്റല്‍ ഡിസെംബര്‍ക്കേഷന്‍ (DE) കാര്‍ഡ് എന്നറിയപ്പെടുന്ന ഈ ഓണ്‍ലൈന്‍ ഫോം എല്ലാ വിദേശ സഞ്ചാരികള്‍ക്കും ‘ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.
യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് തന്നെ കാര്‍ഡ് പൂരിപ്പിക്കേണ്ടതുണ്ട്. ഇത് പൂരിപ്പിക്കാത്തവര്‍ക്ക് ഇന്ത്യയിലെത്തിയ ശേഷം ഇമിഗ്രേഷന്‍ നടപടികളില്‍ താമസമോ തടസ്സമോ നേരിടേണ്ടി വരാമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഈ കാര്‍ഡ് പൂരിപ്പിക്കേണ്ടതില്ല. ടൂറിസം, ബിസിനസ്, മെഡിക്കല്‍ ട്രീറ്റ്‌മെന്റ് തുടങ്ങി വിവിധ ആവിശ്യങ്ങള്‍ക്കായി വരുന്ന എല്ലാ വിദേശികള്‍ക്കും ഈ സംവിധാനം ബാധകമാണ്.
ഡിജിറ്റല്‍ കാര്‍ഡ് indianvisaonline.gov.in/earrival* എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ *Indian Visa Suswagatam* എന്ന മൊബൈല്‍ ആപ്പിലൂടെയോ പൂരിപ്പിക്കാം. പാസ്പോര്‍ട്ട്, വിസ, ഫ്ലൈറ്റ് വിവരങ്ങള്‍, ഇന്ത്യയിലെ താമസ വിലാസം, ആരോഗ്യ-യാത്രാ ചരിത്രം എന്നിവ ഉള്‍പ്പെടെ ആവശ്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്. അപേക്ഷകള്‍ നേരിട്ടു തന്നെ നല്‍കണമെന്നും മൂന്നാം കക്ഷികളിലൂടെയോ ഏജന്‍സികളിലൂടെയോ അപേക്ഷിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പുതിയ സംവിധാനത്തിലൂടെ ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും സുരക്ഷാ പരിശോധനകളും ആരോഗ്യനിയന്ത്രണങ്ങളും ശക്തമാക്കാനുമാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.